വേനൽക്കാലവും ഐസ്‌ക്രീമും തമ്മിലൊരു ബന്ധമുണ്ട്. അന്തരീക്ഷത്തിൽ ചൂടേറുമ്പോൾ ശരീരം തണുപ്പിക്കാൻ പ്രായഭേദമില്ലാതെ എല്ലാവരും ഐസ്‌ക്രീം കഴിക്കാറുണ്ട്. ഓരോരുത്തർക്കും ഇഷ്‌ടപ്പെട്ട ഫ്ലേവറുകളും ഉണ്ടാകും. ഇങ്ങനെ പല രുചിയിലും നിറത്തിലും രൂപത്തിലുമെല്ലാം ഇന്ന് ഐസ്‌ക്രീം ലഭ്യമാണ്. ചൂട് അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുന്ന മാസമാണ് മേയ്. ഈ മാസം ഐസ്‌ക്രീം വിപണിയിൽ ഒരു വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്.
മേയ് മാസത്തിൽ യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ ഐസ്‌ക്രീം, കോൺ ഐസ്‌ക്രീം എന്നിവയുടെ വില 7.6 ശതമാനം ഉയർന്നതായി കണ്ടെത്തി. ബ്രിട്ടീഷ് ബിസിനസ് കൺസൾട്ടൻസി റിഫ്റ്റിന്റെ വിശകലനത്തിലാണ് കണ്ടെത്തൽ. 2024ൽ ആഗോള ഐസ്‌ക്രീം വിപണിയുടെ മൂല്യം 81 ബില്യൺ ഡോളറായിട്ടും ഇങ്ങനെ വില വർദ്ധിക്കാനുള്ള കാരണം എന്താണെന്ന് ജനങ്ങൾ പോലും സംശയിച്ചു. എന്താണ് ഐസ്‌ക്രീം വില ഉയരാൻ കാരണം? ലോകത്തിലെ ഏതൊക്കെ ഭാഗങ്ങളിലാണ് ഇതിന്റെ ആഘാതം ഉണ്ടാകാൻ പോകുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം അറിയാം.
വേനൽക്കാലവും ഐസ്‌ക്രീം വിലയും
പല ഐസ്‌ക്രീമിലും വെളിച്ചെണ്ണ ഒരു പ്രധാന ഘടകമാണ്. വെളിച്ചെണ്ണയുടെ വില വർദ്ധിച്ചത് ഐസ്ക്രീമിന്റെ വില കൂടാൻ കാരണമായി. ആവശ്യകത വർദ്ധിക്കുന്നതിനാൽ, ഇനിയും വെളിച്ചെണ്ണ വില വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. നെതർലൻഡ്‌സിലെ റോട്ടർഡാമിൽ മൊത്തമായി വിൽക്കുന്ന ഫിലിപ്പീൻസിൽ നിന്നുള്ള വെളിച്ചെണ്ണ മെട്രിക് ടണ്ണിന് $2,700 കവിഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2000ത്തിനും 2020നും മദ്ധ്യേ ആയിരുന്നു വില.
ഇതിന് മുമ്പ് 2011ലായിരുന്നു ഏറ്റവും വില കൂടിയത്. അന്നത്തെ വില $2,300 ആയിരുന്നു. ഉയർന്ന ദ്രവണാങ്കം കാരണം വെളിച്ചെണ്ണ ഭക്ഷ്യ വ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. ഐസ്‌ക്രീം, ജലാറ്റോ തുടങ്ങിയവയിൽ വെളിച്ചെണ്ണ അത്യാവശ്യ ഘടകമാണ്. ഇവ പെട്ടെന്ന് അലിയാതിരിക്കാനാണ് ഇതിൽ വെളിച്ചെണ്ണ ചേർക്കുന്നത്.
വെളിച്ചെണ്ണ വില ഉയരാൻ കാരണം?
ധാരാളം സൂര്യപ്രകാശവും മഴയും ലഭിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയിലാണ് തേങ്ങ ഏറ്റവും നന്നായി വളരുന്നത്. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി കാലാവസ്ഥാ രീതികൾ അസന്തുലിതമായി തുടരുകയാണ്. പസഫിക് സമുദ്രത്തിലുടനീളം സമുദ്രോപരിതല താപനില ഉയരാൻ കാരണമായ എൽ നിനോ പ്രതിഭാസം, കഴിഞ്ഞ വർഷം ജൂൺ മുതൽ ഒക്ടോബർ വരെ തെക്കുകിഴക്കൻ ഏഷ്യയിൽ വരണ്ട കാലാവസ്ഥ സൃഷ്ടിച്ചു.
ലോകത്തിലെ വെളിച്ചെണ്ണയുടെ മുക്കാൽ ഭാഗവും ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഇന്തോനേഷ്യയിലെയും ഫിലിപ്പീൻസിലെയും തേങ്ങ ഉൽപാദനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. തെങ്ങുകളിൽ ഫലം കായ്‌ക്കാൻ ഒരു വർഷത്തോളം എടുക്കുന്നതിനാൽ, കഴിഞ്ഞ വർഷത്തെ കായ്ഫലത്തെ ഇത് ബാധിച്ചിട്ടില്ല. പകരം ഈ വർഷമാണ് അതിന്റെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത്.
എന്നാൽ, ഇത് മാത്രമല്ല വില വർദ്ധനവിന് കാരണം. ജൈവ ഇന്ധനങ്ങൾ കൂടിയാണ്. വെളിച്ചെണ്ണയിൽ നിന്ന് നിർമ്മിക്കുന്ന ഇന്ധന അഡിറ്റീവായ കൊക്കോ മീഥൈൽ എസ്റ്റർ ഡീസലുമായി കലർത്തണമെന്ന് ഫിലിപ്പീൻസ് സർക്കാർ ആവശ്യപ്പെട്ടു. ഈ നയം മൊത്തത്തിലുള്ള വിതരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തി.
ഏതൊക്കെ രാജ്യങ്ങളെ സ്വാധീനിക്കും?
ഫിലിപ്പീൻസിൽ ജൈവ ഇന്ധന ഉൽപ്പാദനത്തിലേക്ക് തേങ്ങ ഉപയോഗിക്കുന്നതിനാൽ അമേരിക്കയിലും യൂറോപ്പിലും ഐസ്‌ക്രീം വില ഉയരുമെന്നാണ് റിപ്പോർട്ട്. ഫിലിപ്പീൻസ് കഴിഞ്ഞാൽ അടുത്ത ഏറ്റവും വലിയ വിതരണക്കാർ ഇന്തോനേഷ്യ ആണ്. മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. വിയറ്റ്നാം, ബംഗ്ലാദേശ്, ശ്രീലങ്ക, മെക്സിക്കോ, ഐവറി കോസ്റ്റ് എന്നിവയാണ് മറ്റ് വിതരണക്കാർ.
2023ലും 2024ലും ഉണ്ടായ മോശം കാലാവസ്ഥ കാരണം, 2024 - 25ൽ 3.6 ദശലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. മുൻ സീസണുകളെ അപേക്ഷിച്ച് പത്ത് ശതമാനമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 2025 - 26 വർഷത്തിലും ഉൽപ്പാദനം ഇതിനെക്കാൾ കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് ആദ്യകാല കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |