ന്യൂഡൽഹി: ഇന്ത്യയുടെ ജനസംഖ്യാ നിരക്കിൽ വർദ്ധനവുണ്ടായിട്ടും പ്രത്യുത്‌പാദന നിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) കുറയുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 2025ൽ ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് 1.46 ബില്യൺ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. 40 വർഷങ്ങൾക്കുശേഷം ഇന്ത്യയിൽ ജനസംഖ്യ ഇടിയാൻ തുടങ്ങും. ഇതിന് മുൻപ് 1.7 ബില്യൺ വളർച്ചവരെ ജനസംഖ്യയിൽ ഉണ്ടാവുമെന്നും യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ '2025 സ്റ്റേറ്റ് ഒഫ് വേൾഡ് പോപ്പുലേഷൻ' റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജനസംഖ്യയിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ജനസാന്ദ്രതാ നിരക്ക് ഇക്കൊല്ലം 1.41 ബില്യൺ ആകും. കഴിഞ്ഞവർഷം 1.44 ബില്യൺ ആയിരുന്നു ഇന്ത്യയുടെ ജനസംഖ്യാ നിരക്ക്. ഇന്ത്യയുടെ പ്രത്യുത്‌പാദന നിരക്ക് 1.9 ആയാണ് കുറഞ്ഞത്. ഇത് ഒരു സ്ത്രീക്ക് 2.1 ജനനങ്ങൾ എന്ന റീപ്ളേസ്‌മെന്റ് ഫെർട്ടിലിറ്റി ലെവലിന് താഴെയാണ്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേയ്ക്ക് ജംസംഖ്യാ നിരക്ക് നിലനിർത്താൻ ആവശ്യമായതിലും കുറവ് കുഞ്ഞുങ്ങൾക്കാണ് സ്ത്രീകൾ ജന്മം നൽകുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ ജനനനിരക്ക് കുറയുകയാണെങ്കിലും പ്രസവ സംബന്ധമായ വിഷയങ്ങളിൽ സ്വയം തീരുമാനമെടുക്കുന്നതിൽ സ്ത്രീകൾ വെല്ലുവിളികൾ നേരിടുകയാണെനന്നും റിപ്പോർട്ടിൽ പറയുന്നു. 1970കളിൽ നിലനിന്നിരുന്ന ഒരു സ്ത്രീക്ക് അഞ്ച് കുട്ടികൾ എന്നതിൽ നിന്ന് രണ്ടായി ചുരുങ്ങി. വിദ്യാഭ്യാസ രംഗത്തെ വളർച്ചയും മികച്ച പ്രത്യുത്പാദന ആരോഗ്യ സംരക്ഷണവുമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. 2019-21ൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയിലാണ് മൊത്തം പ്രത്യുത്‌പാദന നിരക്ക് രണ്ട് ആയി കുറഞ്ഞതായി ആദ്യമായി കണ്ടെത്തിയത്.
ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രത്യുത്‌പാദന നിരക്കുള്ളത്. ഗർഭ നിരോധന മാർഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മ, ലിംഗപരമായ വേർതിരിവുകൾ എന്നിവയാണ് ഇതിന് കാരണമായി യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഡൽഹി, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഗർഭധാരണ നിരക്ക് കുറവുള്ളത്. വിദ്യാസമ്പന്നരായ മദ്ധ്യവർഗ സ്ത്രീകളാണ് ഗർഭധാരണം കൂടുതലായും മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത്. ജീവിതവും ജോലിയും സമാസമം ക്രമീകരിക്കുന്നതിലെ പ്രതിസന്ധി, ഉയർന്ന ജീവിതച്ചെലവുകൾ എന്നിവയാണ് ഇതിന് കാരണമാകുന്നത്.
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻസ് ഫണ്ട് 14 രാജ്യങ്ങളിൽ നിന്നുള്ള 14,000 പേർക്കിടയിൽ നടത്തിയ സർവേയിൽ മൂന്നിൽ രണ്ട് ഇന്ത്യക്കാർ (36 ശതമാനം) ആഗ്രഹിക്കാത്ത ഗർഭധാരണത്തിലൂടെ കടന്നുപോകുന്നതായി കണ്ടെത്തി. ഇതിൽ 30 ശതമാനം പേർ കൂടുതൽ കുട്ടികളോ കുറവ് കുട്ടികളോ വേണമെന്ന ആഗ്രഹം സാധിക്കാൻ കഴിയാത്തവരാണ്. 23 ശതമാനം പേർ ഇവ രണ്ടും അനുഭവിക്കുന്നതായും സർവേയിൽ വ്യക്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |