കൊച്ചി: പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ നീണ്ടനാൾ നിരീക്ഷണാലയത്തിൽ തടവിൽവയ്ക്കുന്നത് ബാലനീതി നിയമത്തിന് നിരക്കുന്നതല്ലെന്ന് ഹൈക്കോടതി. ഈ കുട്ടികളുടെ ഉത്തമതാത്പര്യം സംരക്ഷിക്കാൻ കുടുംബവുമായുള്ള പുന:സമാഗമം ആവശ്യമാണെന്നും വ്യക്തമാക്കി. കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസുകാരൻ ഷഹബാസിനെ മർദ്ദിച്ചുകൊന്ന കേസിൽ കുറ്രാരോപിതരായ 6 വിദ്യാർത്ഥികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം.
കുറ്റാരോപിതർ 100 ദിവസത്തോളമായി വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ കഴിയുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ജൂവനൈൽ ജസ്റ്റിസ് ബോർഡ് സെഷൻസ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. ഇവരെ ഇനിയും നിരീക്ഷണത്തിൽ വയ്ക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ച് ജാമ്യം അനുവദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാൽ കക്ഷിചേർന്നിരുന്നു.
പരീക്ഷയെഴുതാൻ അനുവദിച്ചാൽ കുറ്റാരോപിതരെ വധിക്കുമെന്ന ഭീഷണിക്കത്തിന് അവർ പരീക്ഷയെഴുതുകയും ഹയർസെക്കൻഡറി പ്രവേശനം നേടുകയും ചെയ്തതിനാൽ ഇനി പ്രസക്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജാമ്യ ഉപാധികൾ
ആറുപേരുടേയും രക്ഷിതാക്കൾ 50,000 രൂപയുടെ സ്വന്തം ബോണ്ടും രണ്ട് ആൾജാമ്യവും ഹാജരാക്കണം. തെളിവ് നശിപ്പിക്കരുത്. രാജ്യംവിടാൻ ശ്രമിക്കരുത്
മക്കൾ അന്വേഷണവുമായി സഹകരിക്കുമെന്നും അനഭിലഷണീയ കൂട്ടുകെട്ടുകളിൽ ഉൾപ്പെടില്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും രക്ഷിതാക്കൾ സത്യവാങ്മൂലം നൽകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |