ചെങ്ങന്നൂർ : വരട്ടാർ പുത്തൻ തോട് പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി. കരാറുകാരനുമായുള്ള സാമ്പത്തിക ബാദ്ധ്യതയാണ് നിർമ്മാണം നീളാൻ കാരണമായി പറയപ്പെടുന്നത്. തിരുവൻവണ്ടൂർ നന്നാട് വരട്ടാർ പുത്തൻ തോട് പാലത്തിന്റെ അനുബന്ധ റോഡിന്റെയും ഓടയുടെയും നിർമ്മാണമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. റോഡിന്റെയുംപാലത്തിന്റെയും നിർമ്മാണത്തിനായി ഇതു വരെ മൂന്ന്‌കോടി 38 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 5.57 കോടി ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നത്. 2021 ഡിസംബർ 13നാണ് പഴയപാലം പൊളിച്ചത്. കരാറുകാരന്റെ ബില്ലുകൾ സമയബന്ധിതമായി പാസാക്കുന്നതിലുള്ള കാലതാമസമാണ് നിർമ്മാണം മന്ദഗതിയിലാകാൻ കാരണം. തിരുവൻവണ്ടൂർ ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്നും തുടങ്ങി നന്നാട് ഈരടിച്ചിറ വരെ രണ്ടര കിലോമീറ്റർ ദൂരംവരുന്ന റോഡിൽ രണ്ട് പാലങ്ങളും ഒരു കലുങ്കുമാണ് നിർമ്മിക്കുന്നത്. ഇതിൽ ഒരു പാലവും കലുങ്കിന്റെയും നിർമ്മാണവും റോഡ് ടാറിംഗും പൂർത്തിയായി. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട വരട്ടാറിന് കുറുകെയുള്ള പുത്തൻതോട് പാലത്തിന്റെ അനുബന്ധ പാതയും ഓടയുടെ നിർമ്മാണവും എങ്ങുമെത്താത്തതാണ് പ്രദേശവാസികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്. പാലത്തിന്റെ സമാന്തര റോഡ്, ഓടയുടെ നിർമ്മാണം എന്നിവയും പൂർത്തീകരിക്കേണ്ടതുണ്ട്. റോഡിന്റെ കിഴക്കുഭാഗത്തു കൂടി പുഴയിലേക്ക് അവസാനിക്കുന്ന ഓടയുടെ നിർമ്മാണവും അടിയന്തരമായി തീർക്കേണ്ടതുണ്ട്. ഇപ്പോൾ ചെറിയ വാഹനങ്ങൾ പോകത്തക്കവിധത്തിൽ ഒരു വശം മണ്ണിട്ട് ഉയർത്തി ആ വഴിയിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഒരു സമയം ഒരു വാഹനം മാത്രമേ കടന്നു പോകുകയുള്ളു. അപ്രോച്ച് റോഡിന്റെ വശങ്ങൾ ഇപ്പോൾ കാടുകയറിയ നിലയിലാണ്. ഇതിനിടയിൽ പാലം നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വിവിധ സമരപരിപാടികൾ നടത്തിയിരുന്നു.
...................................
സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു .ഇപ്പോൾ അത് പരിഹരിക്കപ്പെട്ടു . അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
സിനോജ്,
(കരാറുകാരൻ)
............................
4 വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് , അപ്രോച്ച് റോഡ് കാടുകയറി കിടക്കുന്നു., ഇതിന് അടിയന്തരമായി
പരിഹാരം കാണണം.
സജി
(സ്ഥലവാസി)
.......................................
നിർമ്മാണം ആരംഭിച്ചിട്ട് 4 വർഷം
നിർമ്മാണച്ചെലവ് 5.57 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |