ന്യൂഡൽഹി : രാജ്യത്ത് എയർ കണ്ടീഷണറുകളിലെ കുറഞ്ഞ താപനില 20 ഡിഗ്രിയായും ഉയർന്ന താപനില 28 ഡിഗ്രിയും സെറ്ര് ചെയ്യണമെന്ന വ്യവസ്ഥ തയ്യാറാക്കി കേന്ദ്രസർക്കാർ. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനാണ് സുപ്രധാന നീക്കം. നിലവിൽ 16 ഡിഗ്രിയാണ് കുറഞ്ഞ താപനില.
20 ഡിഗ്രിയിൽ സെറ്റു ചെയ്‌ത എ.സികൾ വീടുകളിലും ഹോട്ടലുകളിലും മറ്രു സ്ഥാപനങ്ങളിലും ഉടൻ വില്പനയ്‌ക്ക് എത്തും. വാഹനങ്ങളിലെ എ.സിക്കും നിയന്ത്രണം വരും. കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇക്കാര്യമറിയിച്ചത്. ഇത്തരത്തിലൊരു പരീക്ഷണം രാജ്യത്ത് ആദ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഇറ്റലിയിലും സ്പെയ്നിലും പൊതു കെട്ടിടങ്ങളിലെ എ.സിയുടെ കുറഞ്ഞ താപനില 27ഡിഗ്രിയാണ്.സ്‌പെയിനിൽ വീടുകളിൽ കർശനമാക്കിയിട്ടില്ല.ജപ്പാനിൽ ഓഫീസുകളിലും പൊതുകെട്ടിടങ്ങളിലും 28 ഡിഗ്രിയായി സെറ്റ് ചെയ്യണമെന്ന് നിർദ്ദേശമുണ്ടെങ്കിലും. നിയമപരമായി നിർബന്ധമാക്കിയിട്ടില്ല.
ചെറിയ മാറ്റം, വൻ ലാഭിക്കൽ
വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം പാരമ്യത്തിലെത്തും. കൊടുംചൂടിൽ 16 ഡിഗ്രി സെറ്ര് ചെയ്‌ത് എ.സി ഓടിക്കുന്നത് പവർ ഗ്രിഡിന് അധിക സമ്മർദ്ദമുണ്ടാക്കുന്നു . രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് എ.സി ഉപയോഗം കാരണമാണ്. 50 ഗിഗാവാട്ട്സിൽപ്പരം വരുമിത്. എ.സിയുടെ താപനില 1 ഡിഗ്രി ഉയർത്തി സെറ്റ് ചെയ്‌താൽ വൈദ്യുതി ഉപയോഗം 6 ശതമാനം കുറയ്‌ക്കാനാകുമെന്ന് പഠനങ്ങൾ കാണിക്കുന്നു. പീക്ക് ടൈമിൽ 3 ഗിഗാവാട്ട്സ് ഊർജ്ജം ലാഭിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.
രാജ്യത്ത് 100 ദശലക്ഷം എ.സികൾ
ഓരോ വർഷവും 15 ദശലക്ഷം കൂടുന്നു
2024ലെ വേനൽക്കാലത്ത് റെക്കാർഡ് 250 ഗിഗാവാട്ട്സ് ആയിരുന്നു രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗം
ഈവർഷം 270 ഗിഗാവാട്ട്സ് ആകുമെന്നാണ് കരുതുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |