തിരുവനന്തപുരം: മാലാഖ പോലൊരു കുഞ്ഞായിരുന്നു ഞങ്ങടെ സിയമോൾ. പെരുന്നാളിനിടാൻ പുത്തനുടുപ്പൊക്കെ വാങ്ങി കാത്തിരുന്ന ഞങ്ങടെ കുഞ്ഞിനെ തെരുവുനായ ഈ ലോകത്തുനിന്ന് പറഞ്ഞയച്ചു... മൊബൈലിൽ 6വയസുകാരി സിയയുടെ ചിത്രം കാട്ടി, സെക്രട്ടേറിയറ്റിന് മുന്നിലിരുന്ന് മലപ്പുറം സ്വദേശിനി സാബിറ മൊയ്തീൻകോയ പൊട്ടിക്കരഞ്ഞു. ഏപ്രിൽ 29ന് പേവിഷബാധയേറ്റ് മരിച്ച പെരുവള്ളൂർ കാക്കത്തടം സ്വദേശിനി സിയ ഫാരിസിന്റെ പിതൃസഹോദരിയാണ് സാബിറ. പ്രതിരോധ കുത്തിവയ്‌പ്പെടുത്തിട്ടും പേവിഷബാധയേറ്റായിരുന്നു സിയ മരണമടഞ്ഞത്. സിയയുടെ പിതാവ് സൽമാനുൽ ഫാരിസ് വിങ്ങലടക്കാനാവാതെ പറഞ്ഞു 'ഇനിയൊരു കുഞ്ഞിനും എന്റെ മകളുടെ ഗതി വരരുത്. തെരുവുനായ്ക്കൾ ഇപ്പോഴും അലഞ്ഞുതിരിയുന്നു. കുഞ്ഞുമക്കൾക്കും പൊതുജനങ്ങൾക്കും ഭയമില്ലാതെ വഴിനടക്കണം. അതിനായി സർക്കാർ നടപടി കൈക്കൊള്ളണം."
ജനസേവ തെരുവുനായ വന്യമൃഗവിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രാർത്ഥനാജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും. തെരുവുനായ്ക്കളിൽനിന്നും വന്യമൃഗങ്ങളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ നിയമനിർമ്മാണം ആവശ്യപ്പെട്ടായിരുന്നു പ്രാർത്ഥനായജ്ഞം. മകളുടെ മരണത്തിന്റെ ആഘാതത്തിൽനിന്ന് മോചിതയാകാത്തതിനാൽ സിയയുടെ അമ്മ ജുസൈല പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുക്കാനെത്തിയില്ല. നിയമനിർമ്മാണം നടത്താൻ മുഖ്യമന്ത്രി അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്ന് അദ്ധ്യക്ഷനായ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ആവശ്യപ്പെട്ടു. തെരുവുനായ്ക്കളില്ലെങ്കിൽ വാക്സിൻ കമ്പനികൾക്ക് കോടികളുടെ നഷ്ടമുണ്ടാകുമെന്നതിനാലാണ് ഈ അലംഭാവമെന്ന് കേരള ലഹരി നിർമ്മാർജനസമിതി പ്രവർത്തകൻ രാജൻ അമ്പൂരി പറഞ്ഞു. എം.എസ്.വേണുഗോപാൽ,സുരേഷ് കുമാർ ജി,എം.നസിറുദ്ദീൻ,മണിയപ്പൻ ചെറായി,അശോകൻ കുന്നുങ്കൽ,അലോഷ്യസ് പി.ജെ,സത്യദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |