തിരുവനന്തപുരം: വെമ്പായത്ത് കാണാതായ 16കാരനെ പേട്ടയിലെ റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമല്ളെന്നും അപകടമരണമോ ആത്മഹത്യയോ ആകാമെന്നും പൊലീസ്. ട്രെയിൻ തട്ടിയുള്ള മരണം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വെമ്പായം തേക്കട വാറുവിളാകത്തുവീട്ടിൽ ബിജുവിന്റെയും ബീനയുടെയും മകൻ അഭിജിത്തിനെയാണ് (16) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ സംഭവദിവസം അഭിജിത്ത് ട്രാക്കിലൂടെ നടന്നുപോകുന്നത് കണ്ടതായി പേട്ട മതിൽമുക്കിലുള്ള കടയുടമ പൊലീസിന് മൊഴി നൽകി.
ഇന്നലെയാണ് കടയുടമ പേട്ട പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. തന്റെ കടയിൽ നിന്ന് കുപ്പിവെളളം വാങ്ങിക്കുടിച്ച ശേഷം 16കാരൻ പാളത്തിലൂടെ നടന്നുപോകുന്നതു കണ്ടെന്നാണ് മൊഴി. പേട്ടയ്ക്കു സമീപം ഒരാൾ ട്രെയിനിനടിയിൽപ്പെട്ടതായി ആ ദിവസത്തെ പാസഞ്ചർ ട്രെയിന്റെ ലോക്കോപൈലറ്റും അറിയിച്ചിട്ടുണ്ട്. കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിൽ നിറുത്തിയാണ് ഇക്കാര്യം ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ അറിയിച്ചത്. തുടർന്നാണ് സംഭവം കൊലപാതകമല്ലെന്ന നിഗമനത്തിൽ പൊലീസെത്തിയത്.
എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടും മൃതദേഹം കിട്ടിയ വിവരം പേട്ട പൊലീസ് ഇതുവരെ വട്ടപ്പാറ സ്റ്റേഷനിൽ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം. സംഭവദിവസം എല്ലാ സ്റ്റേഷനിലേക്കും വിവരം മെയിൽ ചെയ്‌തെന്നാണ് പേട്ട പൊലീസ് അവകാശപ്പെടുന്നതെങ്കിലും വട്ടപ്പാറ സ്‌റ്റേഷനിൽ മെയിൽ ലഭിച്ചിട്ടില്ല. മാർച്ച് മൂന്നിന് വൈകിട്ടാണ് അഭിജിത്തിനെ വീട്ടിൽ നിന്ന് കാണാതായത്. അഞ്ചിന് അഭിജിത്തിന്റെ മൃതദേഹം ട്രാക്കിൽ കണ്ടെത്തി.
മൃതദേഹത്തിന്റെ ചിത്രം കണ്ടാൽ ട്രെയിൻ തട്ടിയതാണെന്ന് പറയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടത്.
തലയിൽ ഒരു മുറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടി. അഭിജിത്തിനെ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ തനിക്കൊപ്പം വന്ന അഭിജിത്ത് പിന്നീട് പേട്ടയിലെ ചില സുഹൃത്തുക്കൾക്കൊപ്പം പോവുകയായിരുന്നുവെന്ന് സുഹൃത്ത് വട്ടപ്പാറ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്നായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |