തിരുവനന്തപുരം: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി യു എൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ഇപ്പോഴത്തെ വിമാനാപകടം കേരളത്തിൽ അല്ലെങ്കിലും അതിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിക്കേണ്ടതായുണ്ടെന്ന് മുരളി തുമ്മാരുകുടി വ്യക്തമാക്കി. നമ്മുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും വിമാനപാതകളും കപ്പൽ ചാലുകളും ഒക്കെ കൂടുതൽ കൂടുതൽ തിരക്കേറിയതാകുമ്പോൾ അതനുസരിച്ച് അപകട സാദ്ധ്യതകളും വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
വിമാനാപകടം, കപ്പലപകടങ്ങൾ,
അഹമ്മദാബാദിലെ വിമാനാപകടത്തിന്റെ വാർത്ത ശ്രദ്ധിക്കുന്നു. ലണ്ടനിലേക്കുള്ള AI 171 വിമാനം ആണ് ടേക് ഓഫിന് ശേഷം തകർന്നു വീണത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊതുവിൽ ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണ് യാത്രാ വിമാനങ്ങൾ. പക്ഷെ ഇടക്കൊക്കെ ഇത്തരം അപകടങ്ങൾ ഉണ്ടാകാറുണ്ട്. ടേക്ക് ഓഫിന് തൊട്ടടുത്താണ് അപകടം ഉണ്ടായതെങ്കിൽ കുറച്ചാളുകൾ എങ്കിലും രക്ഷപെടാൻ സാധ്യത ഉണ്ട്. ജീവന്റെ നഷ്ടം പരമാവധി കുറയട്ടെ എന്ന് ആഗ്രഹിക്കുന്നു.
കഴിഞ്ഞ ഒരു മാസമായി കേരള തീരത്തു നിന്നും രണ്ടു കപ്പൽ അപകടങ്ങളുടെ വാർത്തകൾ വന്നു. ഒന്നാമത്തേതിൽ ആളപായം ഉണ്ടായില്ല. രണ്ടാമത്തെ അപകടത്തിൽ നാല് കപ്പൽ ജോലിക്കാരെ കണ്ടില്ല എന്ന് ആദ്യത്തെ വാർത്തകൾ ഉണ്ടായിരുന്നു. രക്ഷപെട്ടവർക്കും പൊള്ളലേറ്റിരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.
നമ്മുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും വിമാനപാതകളും കപ്പൽ ചാലുകളും ഒക്കെ കൂടുതൽ കൂടുതൽ തിരക്കേറിയതാകുമ്പോൾ അതനുസരിച്ച് അപകട സാധ്യതകളും വർദ്ധിക്കും. തുറമുഖങ്ങളും വിമാനത്താവളങ്ങളും ഒക്കെ നാട്ടിൽ വരുത്തുന്ന വികസന സാധ്യതകൾക്ക് വേണ്ടി തയ്യാറെടുക്കുമ്പോൾ തന്നെ അവ ഉണ്ടാക്കുന്ന അപകടങ്ങൾക്ക് വേണ്ടിയും തയ്യാറെടുക്കേണ്ട ആവശ്യകത ഉണ്ട്. വിമാനത്താവളത്തിന് അടുത്തുള്ള ഫയർ എൻജിൻ മുതൽ ആശുപത്രികൾ വരെ കൂടുതൽ ആയി ഉണ്ടാകുന്ന റിസ്കുകൾക്ക് തയ്യാറെടുക്കേണ്ടതുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം നമ്മൾ ഏറെ നാളായി ശ്രദ്ധിക്കുന്നതാണെങ്കിലും കഴിഞ്ഞ ദിവസത്തെ
കപ്പലപകടത്തിന്റെ സാഹചര്യത്തിൽ കമ്പനിക്കെതിരെ "കേസ് എടുക്കണമോ" എന്നുള്ള ചർച്ചകൾ പല ദിവസം നീണ്ടു. വാസ്തവത്തിൽ എനിക്ക് ഇതല്പം അതിശയവുമായി തോന്നി. സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് തന്നെ നമുക്ക് തുറമുഖം ഒക്കെ ഉണ്ടല്ലോ?, ആദ്യമായിട്ടാണോ ഇവിടെ കപ്പൽ അപകടം ഉണ്ടാകുന്നത്?. അപ്പോൾ ഒരു കപ്പലപകടം ഉണ്ടായാൽ അതിന് ഒരു കേസ് രെജിസ്റ്റർ ചെയ്യണമോ, ഉണ്ടെങ്കിൽ ഏതു വകുപ്പിൽ എന്നുള്ള കാര്യങ്ങൾ ഒക്കെ ഇതിന് മുൻപ് സംഭവിച്ചിട്ടുണ്ടാകുമല്ലോ?.
ഇല്ലെങ്കിൽ തന്നെ ആയിരക്കണക്കിന് കോടികൾ ചിലവഴിച്ചു പുതിയൊരു സംരംഭം ഉണ്ടാകുമ്പോൾ അതുണ്ടാക്കാൻ സാധ്യതയുള്ള ഷിപ്പിംഗിന്റെ വർദ്ധന, പോർട്ടിലോ പുറത്തോ ഉള്ള അപകടങ്ങളുടെ സാധ്യത, അവ നേരിടാനുള്ള തയ്യാറെടുപ്പുകൾ, സംവിധാനങ്ങൾ, ഇതൊക്കെ മുൻകൂർ ചിന്തിക്കേണ്ടതല്ലേ? ഇപ്പോൾ കപ്പലപകടവും അഗ്നിബാധയും ഒക്കെ കടലിൽ ആണ് ഉണ്ടായത്. പക്ഷെ ലെബണനിൽ സൂക്ഷിച്ചിരുന്ന ചരക്കിൽ നിന്നും പൊട്ടിത്തെറി ഉണ്ടായത് തുറമുഖത്താണ്. നൂറു കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, ലക്ഷക്കണക്കിന് ആളുകളുടെ കിടപ്പാടത്തിന് നാശമുണ്ടായി. എന്ത് പാഠങ്ങൾ ആണ് നമുക്ക് പഠിക്കാനുള്ളത്?
സുരക്ഷാ വിദഗ്ധർ മാത്രമല്ല, കപ്പൽ അപകടങ്ങൾ ഉണ്ടായാൽ അതിന്റെ പരിസ്ഥിതിയിൽ ഉൾപ്പടെയുള്ള പ്രത്യാഘാതങ്ങൾ പഠിക്കാനുള്ള സംവിധാനങ്ങൾ, നഷ്ടപരിഹാരത്തിനുള്ള മാർഗ്ഗരേഖകൾ, അതിനുള്ള ഇൻഷുറൻസ് നിയമങ്ങളും രീതികളും ആയിട്ടുള്ള പരിചയം, ഇവ ഒക്കെ ഉള്ള ഇൻഷുറൻസ് വിദഗ്ധർ, അഭിഭാഷകർ, പരിസ്ഥിതി വിദഗ്ധർ ഇവരൊക്കെ നമുക്ക് ഉണ്ടോ ? ഉണ്ടാകേണ്ടേ ?
ഇപ്പോഴത്തെ വിമാനാപകടം കേരളത്തിൽ അല്ലെങ്കിലും അതിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിക്കേണ്ടതായുണ്ട്.
കേരളത്തിൽ വിമാനത്താവളങ്ങൾ നാലുണ്ട്. കൊച്ചി വിമാനത്താവളം അതി വേഗത്തിൽ വളരുകയാണ്. വിമാനാപകടങ്ങൾ അപൂർവ്വം എങ്കിലും കൂടുതലും ഉണ്ടാകുന്നത് ടേക്ക് ഓഫിനും ലാന്റിങ്ങിനും ആണ്. ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ നേരിടാൻ നമ്മൾ എത്രമാത്രം തയ്യാറാണ്?
സമാധാന കാലത്ത് പരിശീലനത്തിനായി നാം എത്ര വിയർക്കുന്നുവോ യുദ്ധ കാലത്ത് അത്രയും കുറച്ചു ചോരയാണ് ചിന്തുന്നത് എന്നൊരു ഇംഗ്ളീഷ് പഴമൊഴി ഉണ്ട്. ലോകത്തെവിടെയും ഉണ്ടാകുന്ന അപകടങ്ങൾ നമ്മുടെ തന്നെ തയ്യാറെടുപ്പുകളെ പറ്റി ചിന്തിക്കാനുള്ള അവസരമാണ്.
അപകടത്തിൽ അഗാധമായ ദുഃഖം
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |