ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വെളിപ്പെട്ട ലൈംഗികാതിക്രമ ആരോപണങ്ങൾ കഴിഞ്ഞവർഷം സിനിമാരംഗത്ത് സുനാമിയായിരുന്നു. തുടർന്ന് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രമുഖരടക്കം പലരും കേസിൽ കുടുങ്ങി. ഇവരുടെ കരിയറിനേയും ഹ്രസ്വകാലത്തേക്ക് ബാധിച്ചു. എന്നാൽ ആവേശം വൈകാതെ കെട്ടടങ്ങി. മിക്ക കേസുകളും തേഞ്ഞുമാഞ്ഞുപോയി. ന്യായം ആരുടെ പക്ഷത്തെന്ന ചോദ്യം ബാക്കിയാകുമ്പോൾ, ഒരു കാര്യം ഉറപ്പിക്കാം. മലയാള സിനിമയെ ഇനിയും പവർ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിൽ തന്നെയായിരിക്കും.
''എന്താണ് മുഖ്യമന്ത്രീ ഇപ്പോൾ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല കെട്ടോ. റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചരവർഷമല്ലേ ആയുള്ളൂ''. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നടി പാർവതി തിരുവോത്തിന്റെ ഈ കുറിപ്പ് വലിയ ചർച്ചയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് താത്പര്യമില്ലാത്ത കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു പ്രതികരണം.
'നമുക്ക് ഇനി കമ്മിറ്റി രൂപവത്കരിക്കാൻ കാരണമായ യഥാർത്ഥ കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നയങ്ങൾ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം? എന്നും പാർവതി ചോദിച്ചു. ഹേമ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ 35 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. 21 എണ്ണം നേരത്തെ ഒഴിവാക്കിയിരുന്നു. ബാക്കി വന്ന 14 കൂടി അവസാനിപ്പിച്ച് കോടതികളിൽ റിപ്പോർട്ട് നൽകുമെന്നായിരുന്നു വാർത്ത.
പാർവതി ചോദിച്ചത് പ്രസക്തമായ ചോദ്യമാണെന്ന് പറഞ്ഞ് തമിഴ്നാട്ടിലെ മീ ടൂ പോരാളിയായ ഗായിക ചിന്മയിയും രംഗത്തുവന്നു. അതിജീവിതരെ സംരക്ഷിക്കുക എന്നതായിരുന്നു ഹേമ കമ്മിറ്റിയുടെ പ്രധാനലക്ഷ്യം. എന്നാൽ റിമ കല്ലിങ്കലിനും പാർവതിക്കും എന്തിനാണ് അപ്രഖ്യാപിത വിലക്ക്? മറുവശത്ത് ദിലീപിന് കുടൂതൽ പ്രൊമോഷൻ ലഭിക്കുന്നു. നാണക്കേടാണതെന്നും ചിന്മയി പ്രതികരിച്ചു. അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നായിരുന്നു സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പരിഭവം. മുഖ്യമന്ത്രി പ്രത്യേകം താത്പര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. സിനിമാനയം വന്നതും നിയമനിർമാണം നടത്തുന്നതും കോൺക്ലേവ് തീരുമാനിച്ചതും അതിന്റെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കേസുകൾ അവസാനിപ്പിക്കുന്നതിനേക്കുറിച്ച് വ്യക്തമായ പ്രതികരണമുണ്ടായില്ല.
ആരോപണങ്ങളിൽ
തെളിവില്ല
ഇതിന് തൊട്ടുപിന്നാലെയാണ് ചലച്ചിത്ര താരങ്ങളായ ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരായ പീഡനക്കേസിൽ തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നത്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നും റിപ്പോർട്ടിലുണ്ട്. ഇരുവരേയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേകസംഘം തീരുമാനിക്കും. 2008 കാലഘട്ടത്തിൽ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. മുകേഷും മണിയൻപിള്ള രാജുവുമടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിയായിരുന്നു പരാതിക്കാരി.
ജയസൂര്യ പീഡിപ്പിച്ചത് സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ചെന്നായിരുന്നു പരാതി. അന്ന് ഷൂട്ടിംഗ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാൻ അനുവാദം നൽകിയിട്ടില്ലെന്നാണ് സർക്കാർ രേഖ. പീഡനം നടന്നതായി പറയുന്ന ശുചിമുറി ഇടിച്ച് പൊളിച്ച് അവിടെ വനംമന്ത്രിയുടെ ഓഫീസായി മാറി. അതിനാൽ പരാതിക്കാരി പോലും കൃത്യമായി സ്ഥലംതിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. ബാലചന്ദ്രമേനോൻ കൊച്ചിയിലെ ഹോട്ടലിന്റെ ആറാം നിലയിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവദിവസം അദ്ദേഹം ഹോട്ടലിൽ താമസിച്ചതായി പൊലീസ് ഉറപ്പിച്ചു. പക്ഷെ പരാതിക്കാരി അവിടെ വന്നതിന്റ തെളിവില്ല. മാത്രമല്ല, ഹോട്ടലിന് ആറുനിലകളില്ലെന്നതും വസ്തുതയാണ്. ദൃക്‌സാക്ഷിയായ പരാതിക്കാരി പറഞ്ഞ ജൂനിയർ ആർട്ടിസ്റ്റ് താനൊന്നും കണ്ടില്ലെന്ന് മൊഴിമാറ്റിയതും കേസിന് തിരിച്ചടിയായി.
പ്രമുഖരുടെ നീണ്ടനിര
ഹേമ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലുള്ള പരാതികൾ ഏറ്റവുമധികം ദോഷം വരുത്തിയത് എം.എൽ.എ കൂടിയായ മുകേഷ്, നടൻ സിദ്ദീഖ്, സംവിധായകൻ രഞ്ജിത് എന്നിവർക്കാണ്. മുകേഷിനെതിരായ കേസിൽ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. യുവനടിയെ ഹോട്ടലിൽ വച്ച് ആക്രമിച്ചുവെന്ന പരാതിയിൽ സിദ്ദീഖും അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. സിദ്ദീഖിന് ഒളിവിൽ പോകേണ്ടിയും വന്നിരുന്നു. ബംഗാളി നടിയെ സമ്മതമില്ലാതെ സ്പർശിച്ചെന്ന പരാതിയും യുവാവിന്റെ പ്രകൃതിവിരുദ്ധ പീഡന പരാതിയുമാണ് രഞ്ജിത്തിനെതിരേ ഉണ്ടായത്. ഇതിൽ ആദ്യ കേസിൽ ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തേത് കള്ളക്കേസാണെന്ന് കർണാടക ഹൈക്കോടതി വിധിക്കുകയും ചെയ്തു. ബംഗളി നടി നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സിനിമയിലെ പ്രമുഖർക്കെതിരേ കേസുകൾ തുടരേ രജിസ്റ്റർ ചെയ്തപ്പോൾ തന്നെ അതിന്റെ സ്വാഭാവിക അന്ത്യം എങ്ങനെയെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. കേസുകളെ എതിർത്ത് ഉന്നത കോടതികളിൽ വ്യവഹാരങ്ങൾ വന്നു. ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയപ്പോൾ ഇങ്ങനയൊക്കയാകുമെന്നു കരുതിയിരുന്നില്ലെന്ന് ചില നടികൾ പച്ചയ്ക്കു പറഞ്ഞു. തുടർനടപടികളിൽ നിന്ന് പിന്മാറുകയും ചെയ്തു. കോടതിയിൽ മൊഴി നൽകാൻ പ്രത്യേക സംഘം ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികളുമുണ്ടായി. ചില പരാതികൾക്ക് കള്ളക്കേസിന്റെ ലക്ഷണമുണ്ടായിരുന്നു. പതിറ്റാണ്ടു മുമ്പ് നടന്നതായി പറയുന്ന സംഭവങ്ങളുടെ പരാതികൾ പൊലീസിലെത്താനുള്ള കാലതാമസവും പ്രതിചേർക്കപ്പെട്ടവർക്ക് അനുകൂലമായി.
ഇനി ഹൈക്കോടതിയുടെ തീർപ്പിനനുസരിച്ചാകും കേസുകളുടെ ഭാവി. ഈ മാസം 25നകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി എസ്.ഐ.ടിയോട് നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ മൊഴി നൽകാൻ പരാതിക്കാരെ നിർബന്ധിക്കേണ്ടെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ കോർട്ടിലുള്ളത് ഇനി സിനിമാ കോൺക്ലേവും നിയമനിർമ്മാണവുമാണ്. കോൺക്ലേവ് ആഗസ്റ്റിലും നിയമം ഒക്ടോബറിലുമെന്നാണ് ഒടുവിൽ അറിയിച്ചിട്ടുള്ളത്. സിനിമ സിനിമയുടെ വഴിക്ക് തന്നെ പോകുമെന്ന് ചുരുക്കം. കുത്തഴിഞ്ഞ രീതിക്ക് ഒരു അച്ചടക്കമുണ്ടാക്കാനെങ്കിലും ഈ നടപടികൾ സഹായിക്കുമെന്നു മാത്രമേ ആശിക്കാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |