അഹമ്മദാബാദ് : രാജ്യത്ത് വിമാനങ്ങളും ഹെലികോപ്റ്ററുകളും അപകടത്തിൽപ്പെട്ട് മരിച്ചത് നിരവധി രാഷ്ട്രീയ നേതാക്കളാണ്. സഞ്ജയ് ഗാന്ധി മുതൽ വിജയ് രൂപാണി വരെ ആ നിര നീളുന്നു.
സഞ്ജയ് ഗാന്ധി - കോൺഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ ഇളയ മകനുമായ സഞ്ജയ് ഗാന്ധി മരിച്ചത് 1980 ജൂൺ 23നുണ്ടായ വിമാനാപകടത്തിൽ. ഡൽഹിയിൽ വിമാനം പറത്തുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു.
മാധവറാവു സിന്ധ്യ - മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ മരണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. 2001 സെപ്‌തംബർ 30ന് ഉത്തർപ്രദേശിലെ മെയിൻപുരിക്കടുത്ത് വയലിൽ മാധവറാവു സിന്ധ്യ സഞ്ചരിച്ച വിമാനം തകർന്നു വീഴുകയായിരുന്നു. നാല് മാദ്ധ്യമപ്രവർത്തകരടക്കം എട്ട് പേർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്നായിരുന്നു അപകടം.
ജനറൽ ബിപിൻ റാവത്ത് - സംയുക്ത സേനാ മേധാവിയായിരിക്കെയാണ് ജനറൽ ബിപിൻ റാവത്ത് ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ചത്. 2021 ഡിസംബർ 8ന് തമിഴ്നാട്ടിലെ കുനൂരിന് സമീപമായിരുന്നു അപകടം.
വൈ.എസ്. രാജശേഖര റെഡ്ഡി - ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി 2009 സെപ്‌തംബർ 3നാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. നല്ലമല വനമേഖലയിൽ തകർന്നുവീണ ഹെലികോപ്റ്ററിനെ 24 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
ജി.എം.സി ബാലയോഗി - ലോക്‌സഭാ സ്‌പീക്കറും ടി.ഡി.പി നേതാവുമായിരുന്ന ജി.എം.സി ബാലയോഗി 2002 മാർച്ച് 3ന് ആന്ധ്രാപ്രദേശിൽ വച്ച് ഹെലികോപ്റ്റർ തകർന്നു മരിച്ചു. പൈലറ്റും ബാലയോഗിയുടെ സ്റ്റാഫും മരിച്ചു.
ഡോർജി ഖണ്ഡു - അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ഡോർജി ഖണ്ഡു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. 2011 ഏപ്രിൽ 30ന് സേല പാസിന് സമീപമായിരുന്നു അപകടം.
സുരേന്ദ്ര മോഹൻ കുമാരമംഗലം - 1973ൽ ഡൽഹിയിലെ വിമാനാപകടത്തിൽ മരിച്ചത് കോൺഗ്രസ് നേതാവായിരുന്ന സുരേന്ദ്ര മോഹൻ കുമാരമംഗലം. പാർക്കർ പേനയും, കേഴ്‌വി സഹായിയുമാണ് അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാൻ അന്ന് വഴിയൊരുക്കിയത്.
കിംഗ് കോബ്ര ഹെലികോപ്റ്റർ ഉത്തർപ്രദേശിലെ സഹാറൻപൂരിനടുത്ത് തകർന്ന് ഹരിയാന മന്ത്രിമാരായിരുന്ന ഒ.പി ജിൻഡാലും സുരേന്ദർ സിംഗും കൊല്ലപ്പെട്ടത് 2005ൽ
2004 ഏപ്രിലിൽ ദക്ഷിണേന്ത്യൻ നടി സൗന്ദര്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് രാഷ്ട്രീയ, സിനിമാ മേഖലകളെ ഒരുപോലെ ഞെട്ടിച്ചു. ബെംഗളൂരുവിലെ ജക്കൂർ എയർസ്ട്രിപ്പിൽ നിന്ന് പറന്നുയർന്ന് അഞ്ചു മിനിട്ടനകമായിരുന്നു അപകടം. 32 വയസ് മാത്രമായിരുന്നു പ്രായം. ബി.ജെ.പിക്കായി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആന്ധ്രാപ്രദേശിലെ കരീംനഗറിലേക്ക് പോകുകയായിരുന്നു. സംഭവസമയത്ത് സൗന്ദര്യ ഗർഭിണിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |