മരിച്ചവർക്ക് എയർഇന്ത്യ
ഉടമസ്ഥരായ ടാറ്റ
ഒരു കോടി രൂപ വീതം
നഷ്‌ടപരിഹാരം നൽകും
ന്യൂഡൽഹി: രാജ്യത്തെ നടുക്കി ഗുജറാത്തിൽ വൻ വിമാന ദുരന്തം. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർഇന്ത്യ എ.ഐ 171 വിമാനം നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണു. 265 മരണം സ്ഥരീകരിച്ചു. മരണസംഖ്യ ഉയരാമെന്നാണ് റിപ്പോർട്ട്. 294 പേർ മരണമടഞ്ഞെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ ലണ്ടനിൽ നഴ്സ് ആയ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി. നായരും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാണിയും(68 )ഉൾപ്പെടുന്നു. ഒരു യാത്രക്കാരൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരിൽ 11 കുട്ടികളുമുണ്ട്.
സ്ഫോടനത്തോടെ സമീപത്തെ ബി.ജെ ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ പതിച്ച വിമാനം അഗ്നിഗോളമായി. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളും ഉൾപ്പെടുന്നു. അറുപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരം. സമീപത്തുണ്ടായിരുന്ന 24 പ്രദേശവാസികളും കെട്ടിട, വിമാനാവശിഷ്ടങ്ങൾ പതിച്ചും പൊള്ളലേറ്റും മരിച്ചതായാണ് വിവരം.
തീയും കടുത്ത പുകയും കാരണം രക്ഷാപ്രവർത്തർക്ക് അടുക്കാനായില്ല. വിമാനം വീണ ആഘാതത്തിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് വൻ ഗർത്തം രൂപപ്പെട്ടു. വിമാനത്തിന്റെ പ്രധാന ഭാഗം കെട്ടിടത്തിന് മുകളിൽ കുരുങ്ങി നിന്നെങ്കിലും പല ഭാഗങ്ങളും സമീപത്ത് തെറിച്ചു വീണ് കത്തി. ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളും തകർന്നു. മരങ്ങൾ കത്തിനശിച്ചു.കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനയ്‌ക്ക് വിധേയമാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും.
വിമാനത്തിൽ 169 ഇന്ത്യക്കാരും 61 വിദേശികളും
#വിമാനത്തിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ്, ഏഴ് പോർച്ചുഗീസ്, ഒരു കാനഡ പൗരനും അടക്കം 242 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ജീവനക്കാരുമാണുണ്ടായിരുന്നത്.
#അപകട സന്ദേശം വിഫലമായി;
ദുരൂഹത ഒഴിയുന്നില്ല
ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പോകാൻ 23-ാം റൺവേയിൽ നിന്ന് ഉച്ചയ്‌ക്ക് 1.38ന് പറന്നുയർന്ന വിമാനം അഞ്ചുമിനിട്ടിനുള്ളിൽ ദുരന്തത്തിന് ഇരയായി. വിമാനം ഉയർത്താനാവശ്യമായ വേഗം ലഭിക്കുന്നില്ലെന്ന് ക്യാപ്‌ടൻ സുമിത് സബർവാൾ 'മേയ്ഡേ കോൾ'(അപകട സന്ദേശം) എയർട്രാഫിക് കൺട്രോൾ സെന്ററിന് നൽകിയെങ്കിലും ഞൊടിയിടയിൽ ബന്ധം നഷ്‌ടപ്പെട്ടു.
അപകട കാരണം ദുരൂഹമാണ്. 400 അടി ഉയരുമ്പോഴേക്കും ടയറുകൾ ഉള്ളിലാകേണ്ടതാണ്. അതു സംഭവിച്ചില്ലെന്നാണ് സൂചന.
രാത്രിയോടെ ബ്ലാക്ക് ബോക്സ് ലഭിച്ചു. അപകട കാരണം ഇതിൽ നിന്ന് വ്യക്തമായേക്കും.
നിയന്ത്രണം വിട്ട് 600 അടി ഉയരത്തിൽ നിന്ന് താഴേക്ക് വന്നു. റൺവേ കടന്ന് വിമാനത്താവളത്തിന് പുറത്തുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ പതിച്ചതോടെ ഉഗ്ര സ്ഫോടനമുണ്ടായി കത്തിയമർന്നു.
അദ്‌ഭുതകരമായി രക്ഷപ്പെട്ട് രമേശ്
അപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് രക്ഷാപ്രവർത്തകർ അവിശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഒരാളെ ജീവനോടെ കണ്ടെത്തിയത്. ഇന്ത്യൻ വംജജനായ ബ്രിട്ടീഷ് പൗരൻ രമേശ് വിശ്വാസ് കുമാർ ബുചർവാദ(40) ആണ് ഏവരെയും അദ്‌ഭുപ്പെടുത്തി അപകടത്തെ അതിജീവിച്ചത്. വലതു വശത്ത് വിമാന ചിറകിന് മുന്നിൽ ജനലിനോട് ചേർന്ന 11 എ സീറ്റിലിരുന്ന ഇദ്ദേഹത്തിന് തീപടരുന്നതിന് മുൻപ് പുറത്ത് കടക്കാൻ കഴിഞ്ഞു. കാര്യമായ പരിക്കുകളില്ലാതെ രക്ഷാപ്രവർത്തകർക്കൊപ്പം നടന്നാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. ഒപ്പം സഞ്ചരിച്ച രമേശിന്റെ സഹോദരനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഗുജറാത്തിലെ ബന്ധുക്കളെ സന്ദർശിച്ച ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു.
ഹെൽപ് ലൈൻ:
എയർ ഇന്ത്യയുടെ ഹോട്ട്ലൈൻ: 1800 5691 444
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ കൺട്രോൾ റൂം: 011-24610843, 9650391859
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |