കോഴഞ്ചേരി: നാട്ടിൽ മടങ്ങിയെത്തി ആരോഗ്യവകുപ്പിൽ ലഭിച്ച ജോലി തുടരാനിരിക്കെയാണ് രഞ്ജിത ജി. നായർ (40)വിമാനദുരന്തത്തിന് ഇരയായത്. യു.കെയിൽ നഴ്സായ പത്തനംതിട്ട പുല്ലാട് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത 10 വർഷം മുമ്പ് ഒമാനിൽ നഴ്സായിരുന്നു. അവിടെനിന്ന് നാട്ടിലെത്തി പി.എസ്.സി പരീക്ഷയെഴുതി. ആരോഗ്യവകുപ്പിൽ നഴ്സായി ജോലി ലഭിച്ചു. പത്തനംതിട്ട ജില്ല ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് അഞ്ചു വർഷത്തെ അവധിയെടുത്ത് ഒമാനിലേക്ക് മടങ്ങി. ഒരു വർഷം മുമ്പ് മസ്കറ്റ് എസ്.ക്യു.എച്ച് ഹോസ്പിറ്റലിലെത്തി. അവിടെ നിന്നു മാറി യു.കെയിലെത്തി. സെപ്തംബറോടെ മടങ്ങിയെത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാനായിരുന്നു തീരുമാനം. അതിനാവശ്യമായ രേഖകൾ നൽകാനാണ് ശനിയാഴ്ച നാട്ടിലെത്തിയത്. ബുധനാഴ്ച തിരികെ യു.കെയിലേക്ക് പോകാൻ കൊച്ചിയിൽ നിന്നാണ് വിമാനം കയറിയത്. ചെന്നൈ - അഹമ്മദാബാദ് വഴിയായിരുന്നു യു.കെയിലേക്കുള്ള യാത്ര. കുടുംബ വീടിനോട് ചേർന്ന് പുതുതായി പണിയുന്ന വീടിന്റെ പൂർത്തീകരണവും രഞ്ജിതയുടെ സ്വപ്നമായിരുന്നു.
ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കിയ ശേഷം പന്തളം എൻ.എസ്.എസ് നഴ്സിംഗ് സ്കൂളിൽ നിന്നാണ് രഞ്ജിത നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. പരേതനായ ഗോപകുമാരൻ നായരാണ് പിതാവ്. തുളസിക്കുട്ടിയമ്മ മാതാവ്. മകൻ ഇന്ദുചൂഡൻ പുല്ലാട് ശ്രീവിവേകാനന്ദാ ഹൈസ്കൂളിൽ പത്താം ക്ലാസിലും മകൾ ഇതിക ഇരവിപേരൂർ ഒ.ഇ. എം ഹൈസ്കൂളിൽ ഏഴാം ക്ലാസിലുമാണ്. വിവാഹ ബന്ധം നേരത്തെ വേർപെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |