അഹമ്മദാബാദ്: ഇന്നലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം കത്തിയമർന്ന എഐ 171 വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡ് (എഫ്ഡിആർ) കണ്ടെത്തി. ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡ് (എറ്റിഎസ്) ആണ് എഫ്ഡിആർ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടരന്വേഷണങ്ങളിൽ നിർണായകമാണ് എഫ്‌ഡിആറിന്റെ കണ്ടെത്തൽ.
വിമാനത്തിന്റെ സാങ്കേതിക വിവരങ്ങളെല്ലാം എഫ്‌ഡിആറിലാണ് ശേഖരിച്ചുവച്ചിട്ടുള്ളത്. അതിനാൽ, എഫ്ഡിആർ പരിശോധിക്കുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. അപകടത്തിന്റെ കാരണം സംബന്ധിച്ചും കൂടുതൽ വ്യക്തത വരും. മാത്രമല്ല, വിമാനത്തിലെ സുപ്രധാന വിവരങ്ങൾ എഫ്ഡിആറിൽ ഉണ്ടാകുമെന്നതിനാൽ, ടേക്കോഫിന് ശേഷം വിമാനത്തിനുള്ളിൽ നടന്ന കാര്യങ്ങളെല്ലാം മനസിലാക്കാനാകും.
അതേസമയം, എയർ ഇന്ത്യ വിമാനം എഐ 171 തകർന്നുവീണ സ്ഥലം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘം സന്ദർശിച്ചു. മറ്റ് കേന്ദ്ര അന്വേഷണ ഏജൻസി അംഗങ്ങളും ഇവർക്കൊപ്പം എത്തിയിരുന്നു. സംഘം അന്വേഷണത്തിന് സഹായം നൽകുമെന്നാണ് വിവരം.
വിമാനദുരന്തത്തിൽ ഇതുവരെ 294പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടം കൂടിയായിരുന്നു അഹമ്മദാബാദിലേത്. ഇന്നലെ ഉച്ചയ്‌ക്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിട്ടുകൾക്കുള്ളിൽ 15 കിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന പത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമീപവാസികളും ഉള്‍പ്പെടുന്നു.
അപകടത്തിൽപ്പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |