റിയലിസ്റ്റിക് പൊലീസ് കഥയിലേക്ക്ചുവടുമാറ്റം നടത്തി തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീർ. ഇലവീഴാപൂഞ്ചിറയ്ക്ക് ശേഷം ഷാഹി സംവിധാനം ചെയ്യുന്നതും, ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം തിരക്കഥയെഴുതുന്നതുമായ 'റോന്ത് "വേറിട്ട അനുഭവം പകർന്ന് വിജയ യാത്രയിൽ.
എ.എസ്.ഐ യോഹന്നാനായി ദിലീഷ് പോത്തനും ഡ്രൈവർ ദിൻനാഥായി റോഷൻ മാത്യുവും . രണ്ട് പൊലീസ് ഉദ്യോഗസ്ഥർ 24 മണിക്കൂർ സമയം നടത്തുന്ന പട്രോളിംഗ് ഡ്യൂട്ടിയാണ് സിനിമയുടെ പ്രമേയം. ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിൽ പൊലീസായിരിക്കേ തനിക്കും, സുഹൃത്തുക്കൾക്കുമുണ്ടായ ഡ്യൂട്ടി അനുഭവങ്ങളാണ് റോന്തിൽ ഷാഹി പറയുന്നത്. ''ഇതൊരു കുറ്റാന്വേഷണ ചിത്രമല്ല, ത്രില്ലറുമല്ല. രണ്ട് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാതന്തു . ഇതുവരെ ഉണ്ടായ സിനിമയിലൊന്നുംപ്രത്യക്ഷ ജീവിതാനുഭവങ്ങളായിരുന്നില്ല. പക്ഷേ 'റോന്ത് "അങ്ങനെയല്ല. ഞാനും, പൊലീസ് സുഹൃത്തുക്കളും കടന്നുപോയ നിമിഷങ്ങളാണ്. റോഷന്റെ കഥാപാത്രം എന്റെ പൊലീസ് കാലഘട്ടവുമായി ഏറെ ബന്ധപ്പെട്ടതാണ് "". ഷാഹി കബീറിന്റെ വാക്കുകൾ.സിനിമായാത്രയിലെ വിശേഷങ്ങളുമായി ഷാഹി ചേരുന്നു.
പറയാൻ എളുപ്പം
അന്വേഷണാത്മകമാണ് ജോസഫ്, ഉദ്വേഗം നിറയ്ക്കുന്ന നായാട്ട്, ത്രില്ലർ ഗണത്തിൽപ്പെടുന്ന ഓഫീസർ ഓൺ ഡ്യൂട്ടി, റിയലിസ്റ്റിക് എന്റർടെയ്നറാണ് ഇലവീഴാ പൂഞ്ചിറ. സിനിമാറ്റിക് പൊലീസ് കഥകളിൽ നിന്ന് മാറി രണ്ട് കാക്കിധാരികളുടെ ജീവിതവുമായാണ് 'റോന്ത്". എല്ലാം പൊലീസ് കഥകൾ. പരസ്പരം ബന്ധമില്ലാതെ പൊലീസ് കഥകൾ. ഇനിയും ധാരാളം പൊലീസ് കഥകളൊരുക്കാനുള്ള അനുഭവം ഡ്യൂട്ടി കാലയളവിൽ ലഭിച്ചിട്ടുണ്ട്. ഇത്തരം കഥകളാണ് എനിക്ക് പറയാൻ എളുപ്പം. പൊലീസ് ത്രഡിൽ നിന്ന് മാറി ചിന്തിക്കുന്ന സിനിമയുമായി വരും. എന്നാൽ അതു ഉടനില്ല. ജോലി രാജിവച്ചെങ്കിലും, പൊലീസ് പ്രമേയത്തോട് താൽപര്യം തുടരുകയാണ്. സർവീസ് കാലയളവിൽ അഞ്ച് വർഷത്തിനപ്പുറം ലീവ് എടുക്കാൻ സാധിക്കാതെ വന്നതോടെ കാക്കി കുപ്പായത്തോട് ഔദ്യോഗികമായി വിടപറഞ്ഞു.
അഭിനയം എളുപ്പം
സംവിധാനത്തേക്കാൾ ഏറെ എളുപ്പംഅഭിനയം തന്നെയാണ് . നരിവേട്ടയുടെ സംവിധായകൻ അനുരാജ് മനോഹറും തിരക്കഥാകൃത്ത് അബിൻ ജോസഫും'ഒന്ന് ശ്രമിച്ചു നോക്കൂ "എന്നാവശ്യപ്പെട്ടപ്പോൾ പിറന്നതാണ് ആ പൊലീസ് ഉദ്യോഗസ്ഥൻ. അഭിനയം ഇഷ്ടമാണ്. പക്ഷേ ആളുകളിലേക്ക് കഥാപാത്രം ഇറങ്ങി ചെല്ലണം . സംവിധായകർക്ക് ഇഷ്ടമാവുകയും വേണം. ആരെങ്കിലും വിളിച്ചാൽ ഒരുപക്ഷേ വീണ്ടും അഭിനയിച്ചേക്കും. കുഞ്ചാക്കോ ബോബനുമായിരണ്ട് സിനിമയുടെ ചർച്ചകൾ നടക്കുന്നു. നായാട്ടിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട്. ഉറപ്പിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |