□കളം കൊഴുപ്പിക്കാൻ നേതാക്കളുടെ പട
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തിലെത്താൻ 5 ദിവസം മാത്രം
ശേഷിക്കേ, പ്രചാരണപ്പാച്ചിൽ അവസാന റൗണ്ടിലേക്ക്..പ്രമുഖ നേതാക്കളുടെ നിര
കളം നിറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മണ്ഡലത്തിലെത്തിയത് എൽ.ഡി.എഫ് പ്രവർത്തകർക്ക് ആവേശം പകർന്നു. മുഖ്യമന്ത്രിയെ മുൻനിറുത്തിയുള്ള അവസാനഘട്ട പ്രചാരണത്തിലൂടെ മേൽക്കൈ നേടാനാണ് എൽ.ഡി.എഫ് ശ്രമം. 15 വരെ ഏഴ് പഞ്ചായത്തുകളിലെ റാലികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.അബ്ദുറഹിമാൻ, എം.ബി.രാജേഷ്, പി.രാജീവ്, ഒ.ആർ.കേളു, കെ.രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, വി.എൻ.വാസവൻ, പി.പ്രസാദ് , ജോൺ ബ്രിട്ടാസ് എം.പി, എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി.ജയരാജൻ എന്നിവരും ഇന്ന് മണ്ഡലത്തിലുണ്ട്.
യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി ഞായറാഴ്ച എത്തും. മണ്ഡലത്തിലെ
രണ്ടിടങ്ങളിൽ പ്രിയങ്ക ഗാന്ധി പ്രചാരണം നയിക്കും. യു.ഡി.എഫ് കുടുംബ യോഗങ്ങളിലൂടെ പരമാവധി സ്ത്രീ വോട്ടുകൾ നേടാനുള്ള ശ്രമത്തിലാണ്. വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ എന്നിവരും വീണ്ടും പ്രചാരണത്തിനെത്തും.പ്രധാന മത്സരം രണ്ട് മുന്നണികൾ തമ്മിലാണെങ്കിലും എൻ.ഡി.എ പ്രവർത്തകർക്കും ആവേശത്തിന് കുറവൊന്നുമില്ല.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വരും ദിവസങ്ങളിൽ സജീവമായി മണ്ഡലത്തിലുണ്ടാവും.
സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവറും പ്രവർത്തകരും പ്രചാരണത്തിനായി തൃണമൂൽ കോൺഗ്രസ് എം.പി യൂസഫ് പത്താനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഞായറാഴ്ച വൈകീട്ട് മൂന്നിനെത്തുന്ന അദ്ദേഹം റോഡ് ഷോയിൽ പങ്കെടുക്കും. പതിവു പോലെ പ്രധാന നേതാക്കളെയും വോട്ടർമാരെയും നേരിൽക്കണ്ടാണ് അൻവറിന്റെ നീക്കങ്ങൾ. മുൻകൂട്ടി തീരുമാനിച്ച പരിപാടികളോ, പര്യടനത്തിന് സമയമോ നിശ്ചയിക്കാതെയാണ് പ്രചാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |