ന്യൂഡൽഹി: എയർഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറക്കിയ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരം പ്രേതഭൂമിയായിരിക്കുകയാണ്. തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട റസിഡന്റ് ഡോക്‌ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും മുറികൾ ഒഴിയാൻ തുടങ്ങി. രക്ഷപ്പെട്ട ഹോസ്റ്റൽ അന്തേവാസികളുടെ കണ്ണുകളിൽ ആശ്വാസത്തിനൊപ്പം ഭയവും ആധിയും. പലരും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. സംഭവത്തെ കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോൾ വിതുമ്പി. കണ്ണുകൾ ഈറനണിഞ്ഞു. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ചിലർ ഉള്ളതെല്ലാം കൈയിലെടുത്ത് സുഹൃത്തുക്കളുടെ വീടുകളിലേക്ക് പോയി. നാലു ഹോസ്റ്റൽ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ആറുനില വീതമള്ള ഇവയിൽ രണ്ടെണ്ണം പൂർണമായി തകർന്നു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതർ താത്കാലിക താമസ സൗകര്യമൊരുക്കിയിട്ടുണ്ട്.
മലയാളി വിദ്യാർത്ഥികൾ സുരക്ഷിതർ
മലയാളി വിദ്യാർത്ഥികൾ ആരും അപകടത്തിപ്പെട്ടിട്ടില്ലെന്ന് അഹമ്മദാബാദിലെ മലയാളി സമാജം സ്ഥിരീകരിച്ചു. എല്ലാവരും സുരക്ഷിതരാണ്.
ലോകം തകർന്നതായി
തോന്നി
ഉച്ചഭക്ഷണത്തിന്റെ സമയത്തായിരുന്നു മഹാദുരന്തം. മെസ് ഹാളിലേക്ക് നേരിട്ട് വിമാനം ഇടിച്ചിറങ്ങിയെന്ന് നേർസാക്ഷിയായ ഡോ. കൃതിക് പറഞ്ഞു. ആകെ പൊടിപടലം,ചുറ്റം നിലവിളികൾ. ലോകം തങ്ങൾക്ക് മുന്നിൽ തകർന്നു വീണതു പോലെ അനുഭവപ്പെട്ടു. പ്രദേശമാകെ കനത്ത പുക. ജീവിതം എത്രത്തോളം നൈമിഷികവും ദുർബലവുമാണെന്നും തോന്നി. കുറേ പേർ ജനാലകളിൽ നിന്ന് താഴേക്ക് ചാടി. 15-20 മിനിട്ടുകൾക്കുള്ളിൽ രക്ഷാപ്രവർത്തകരെത്തിയെന്നും കൃതിക് കൂട്ടിച്ചേർത്തു.
ഞെട്ടലിൽ
സമീപവാസികളും
ഹോസ്റ്റലിന് സമീപത്തെ റസിഡൻഷ്യൽ ക്വാർട്ടേഴ്സുകളെയും വിമാനാപകടം പ്രകമ്പനം കൊള്ളിച്ചു. സംഭവം നടക്കുമ്പോൾ താൻ ഡ്യൂട്ടിയിലായിരുന്നുവെന്ന് സർജിക്കൽ ഓങ്കോളജി റസിഡന്റ് ഡോക്‌ടർ ഗീതാ കൃഷ്‌ണ പറഞ്ഞു. അപകടത്തിന്റെ ഫലമായുള്ള അവശിഷ്‌ടങ്ങൾ സമീപപ്രദേശങ്ങളിലേക്ക് പറന്നു. അമ്മയുടെ മേൽ അവയിലൊന്ന് പതിച്ചു. പക്ഷെ ഭാഗ്യവശാൽ കാര്യമായി ഒന്നും സംഭവിച്ചില്ലെന്നും ഗീതാ കൃഷ്‌ണ നന്ദിയോടെ സ്‌മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |