ഷില്ലോംഗ്: മധുവിധുവിനിടെ രാജാരഘുവൻശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മേഘാലയ പൊലീസ്. രാജയുടെ ഭാര്യ സോനം രഘുവൻശിയും കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ സോനമടക്കമുള്ള കൊലയാളികൾ അജ്ഞാത സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സത്യം പുറത്തുവരുന്നതുവരെ സോനത്തിന് ഒളിവിൽ കഴിയാൻ കൂടുതൽ സമയം നൽകുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും പൊലീസ് പറഞ്ഞു.
സോനം, നദിയിൽ ഒലിച്ചുപോയി എന്ന് വിശ്വസിപ്പിക്കുക എന്നതായിരുന്നു പ്രതികളുടെ പദ്ധതികളിൽ ആദ്യത്തേതെന്ന് മേഘാലയ പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ സോനം രഘുവൻശിയും കാമുകനുമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തങ്ങളുടെ ബന്ധത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് സോനവും കാമുകൻ രാജ്ഖുഷ്വാഹയും ചേർന്ന് രാജയെ കൊലപ്പെടുത്താൻ ആസുത്രണം ചെയ്തത്.
രാജാ രഘുവൻശിയെ കൊല്ലാനുള്ള മുഴുവൻ ഗൂഢാലോചനയും അദ്ദേഹത്തിന്റെ വിവാഹത്തിന് മുമ്പ് തന്നെ ഇൻഡോറിൽ ആരംഭിച്ചിരുന്നു. രാജയെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പദ്ധതികൾ ഉണ്ടായിരുന്നതായും എന്നാൽ അതൊന്നും നടന്നില്ലെന്നും പ്രതികൾ സമ്മതിച്ചു. വിവാഹത്തിന് മൂന്ന് മാസം മുമ്പ്, ഫെബ്രുവരിയിലാണ് കൊലപാതകത്തിനുള്ള ആസൂത്രണം ആരംഭിച്ചത്.
ആദ്യ പദ്ധതി സോനം നദിയിൽ ഒഴുകിപ്പോയി എന്ന് എല്ലാവരെയും വിശ്വസിപ്പിക്കുകയായിരുന്നെങ്കിൽ രണ്ടാമത്തേത് ഏതെങ്കിലുമൊരു സ്ത്രീയെ കൊലപ്പെടുത്തി ആ മൃതദേഹം സോനത്തിന്റെ സ്കൂട്ടറിൽ ഇട്ട് കത്തിച്ച് ഇത് യുവതിയുടേതാണെന്ന് വരുത്തി തീർക്കുകയായിരുന്നു. സോനത്തിന്റെ കാമുകൻ രാജ്ഖുശ്‌വാഹയും ബന്ധുവും ചേർന്നാണ് കൊലപാതകം എങ്ങനെ നടപ്പിലാക്കണമെന്ന് പ്രധാനമായും ആസൂത്രണം ചെയ്ത്‌ത്. ഇവർക്കൊപ്പം സോനവും ചേരുകയായിരുന്നു.
മേയ് 20ന് നവദമ്പതികൾ മേഘാലയിൽ എത്തുന്നതിന് മുമ്പാണ് രാജിന്റെ സുഹൃത്തുക്കളായ വിശാൽ, ആകാശ്, ആനന്ദ് എന്നിവർ കൃത്യം നടത്താൻ സ്ഥലത്തെത്തിയത്. ഇതിനായി ഇവർക്ക് 50,000 രൂപയും നൽകിയിരുന്നു. ഗുവാഹത്തിയിൽ എവിടെയെങ്കിലും വച്ച് രാജയെ കൊല്ലാനാണ് പ്രതികൾ ആദ്യം തീരുമാനിച്ചിരുന്നത്. രണ്ട് പദ്ധതികൾ ചീറ്റിപ്പാേയതിനാൽ പിന്നീട് ഷില്ലോങ്ങിലേക്കും സൊഹ്‌റയിലും വച്ച് കൃത്യം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
പൊലീസ് അന്വേഷണത്തിൽ സോനത്തിന്റെ ലൈവ് ലൊക്കേഷൻ കൊലയാളികളുമായി പങ്കിട്ടതായും കണ്ടെത്തി. കൊലപാതകം നടന്ന ദിവസം സോനം തന്റെ ഭർത്താവിനെ കുന്നിൻ മുകളിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു, അവിടെയായാണ് കൊലയാളി സംഘം കൃത്യം നടത്താൻ കാത്തിരുന്നത്. അവിടെ വച്ച് രാജയെ വടികൊണ്ട് അടിച്ച് സോനത്തിന്റെ മുന്നിൽ വച്ച് കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം മലയിടുക്കിലേക്ക് എറിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |