തിരുവനന്തപുരം: ദേശീയ ഗാനത്തിനിടെ പുറത്തേക്കിറങ്ങിയ കുട്ടികളെ അദ്ധ്യാപിക ക്ലാസ്‌മുറിയിൽ പൂട്ടിയിട്ട് ഏത്തമിടീച്ചതായി പരാതി. വഴുതക്കാട് കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസിലെ പ്രവൃത്തിപരിചയ അദ്ധ്യാപിക ദാരിഫയ്ക്കെതിരെയാണ് രക്ഷിതാക്കൾ പരാതി ഉന്നയിച്ചത്. പരാതി സ്കൂൾ ഹെഡ്മിസ്ട്രസ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് കുട്ടികൾ സ്കൂൾ വിട്ട് പോകാനൊരുങ്ങുമ്പോഴായിരുന്നു സംഭവം. ദേശീയഗാനം ആലപിക്കവേ പുറത്തിറങ്ങിയ വിദ്യാർത്ഥികളെ അദ്ധ്യാപിക ശകാരിക്കുകയും അടിക്കുകയും മുറിയിൽ പൂട്ടിയിട്ട് ഏത്തമിടീക്കുകയും ചെയ്തു. ചില കുട്ടികൾക്ക് സ്കൂൾ ബസ് കിട്ടിയില്ല. തുടർന്ന് ബസിൽ പോകാൻ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പണം നൽകുകയായിരുന്നു. കുട്ടികൾ വൈകിയെത്തിയപ്പോഴാണ് രക്ഷിതാക്കൾ കാര്യമറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ വാട്ട്സാപ്പ് ഗ്രൂപ്പ് വഴി പരാതി ഉന്നയിക്കുകയായിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ സ്കൂൾ അധികൃതർ പരാതി മുഖവിലയ്ക്കെടുത്തില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് ഹെഡ്മിസ്ട്രസ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അടിയന്തര മീറ്റിംഗ് വിളിച്ച് അദ്ധ്യാപികയോട് വിശദീകരണം തേടി.അദ്ധ്യാപിക തെറ്റ് സമ്മതിച്ചെന്നും രേഖാമൂലം മാപ്പ് എഴുതി നൽകിയെന്നുമാണ് സൂചന. ഡി.ഇ.ഒയ്ക്ക് എച്ച്.എം റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ധ്യാപിക സ്കൂളിൽ എത്തിയിട്ട് അധികനാൾ ആയിട്ടില്ലെന്നാണ് ഹെഡ്മിസ്ട്രസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |