ഇസ്രയേലിനെ നശിപ്പിക്കാനുള്ള മാർഗങ്ങൾ അവർ വികസിപ്പിച്ചു
ന്യൂഡൽഹി: ഇസ്രായേലിനും ലോകത്തിനും ഭീഷണിയായ ഇറാന്റെ ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളുമാണ് ആക്രമണത്തിന് വഴിതെളിച്ചതെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസാർ. ഇറാന്റെ നിഴൽ യുദ്ധം ആക്രമണം അനിവാര്യമാക്കി. ആക്രമിച്ചത് യു.എസിന്റെ അറിവോടെയാണെന്നും ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 'ഇറാന്റെ ആണവായുധങ്ങൾ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയാണ്. ഇസ്രയേലിനെ നശിപ്പിക്കുമെന്ന് ഇറാൻ ആവർത്തിച്ച് പ്രഖ്യാപിച്ചതാണ്. അതിനായുള്ള മാർഗങ്ങൾ അവർ വികസിപ്പിച്ചെടുത്തതായി വിവരം ലഭിച്ചു. ഇറാൻ സുരക്ഷാ കരാർ ലംഘിച്ച് നിയമവിരുദ്ധവും അപ്രഖ്യാപിതവുമായ ആണവ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് അന്താരാഷ്‌ട്ര അറ്റോമിക് എനർജി ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഒരു ആണവ പോർമുന സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങളിലാണ് അവർ. വർഷങ്ങളായി തുടരുന്ന നിയമവിരുദ്ധ സൈനിക ആണവ പദ്ധതിയുടെ ഭാഗമായി കുറച്ച് മാസങ്ങളായി അവർ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരിച്ചുവരികയാണ്. ഒമ്പത് ആണവ ബോംബുകൾക്കായി ശേഖരിച്ചിട്ടുണ്ടെന്നാണ് അറിവ് "- അദ്ദേഹം പറഞ്ഞു.
ബാലിസ്റ്റിക് മിസൈലിൽ
ആണവായുധം
ഇറാനിൽ രഹസ്യമായി ബാലിസ്റ്റിക് മിസൈലിൽ ആണവായുധം കൂട്ടിച്ചേർക്കുന്ന പ്രവൃത്തി നടത്തുന്നു. ആയിരക്കണക്കിന് ആണവ ബാലിസ്റ്റിക് മിസൈലുകൾകൊണ്ട് ഇസ്രയേലിനെ ആക്രമിക്കാനാകുന്ന തരത്തിലേക്ക് ഇതുമാറും. ഹരിയാനയുടെ പകുതി അല്ലെങ്കിൽ, മിസോറാമിന്റെ വലിപ്പമുള്ള ഇസ്രയേലിന് അത് പ്രതിരോധിക്കാനാകില്ല. ഈ വർഷം ഏപ്രിലിലും കഴിഞ്ഞ ഒക്ടോബറിലും 300 ഓളം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇസ്രയേലിനെ ആക്രമിച്ചു. 100ലധികം ഡ്രോണുകൾ വിക്ഷേപിച്ചു. സമാനമായ ആക്രമണം മുൻകൂട്ടി കാണുന്നു. സമീപകാലത്ത് ഇറാൻ ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ സജ്ജീകരിച്ചു. മൂന്ന് വർഷത്തിനുള്ളിൽ 10,000ഉം ആറ് വർഷത്തിനുള്ളിൽ 20,000ഉം ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനുള്ള പദ്ധതി അവർ തയാറാക്കിയെന്നും ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഒരു ടൺ ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ഇത്തരം ബാലിസ്റ്റിക് മിസൈലുകൾ കൈവശം വയ്ക്കുന്ന റാഡിക്കൽ ഭരണകൂടം ലോകത്തിന് ഭീഷണിയാണ്. ഇതിനെതിരെ സ്വയം പ്രതിരോധിക്കുകയാണ് ഞങ്ങൾ. ഭയാനകമായ ഭരണകൂടത്തിൽ നിന്ന് ലോകത്തെ സംരക്ഷിക്കുകയാണ്.
നിഴൽയുദ്ധം
18 മാസമായി ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകളുമായി ചേർന്ന് ഇറാൻ നിഴൽയുദ്ധം നടത്തുന്നു. ഇറാനിലും സിറിയയിലും യെമനിലും ഈ ഭീഷണിയുണ്ട്. അതിനാൽ വൻ നശീകരണ ശേഷിയുള്ള ആയുധപദ്ധതി ഞങ്ങൾ തകർത്തു. ഇനി കാത്തിരിക്കേണ്ടെന്ന് തീരുമാനിച്ചു. അമേരിക്ക അടക്കം അന്താരാഷ്ട്ര സമൂഹവുമായി ഇറാൻ ചർച്ചകൾ നടത്തുകയാണ്. ഏത് തിരിച്ചടിയും നേരിടാൻ തയാറാണെന്നും അസാർ പറയുന്നു.
ഇന്ത്യക്ക് പിന്തുണ
സ്വയം പ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചോദ്യത്തോട് അസാർ പ്രതികരിച്ചു. പൊതുവായ ഭീഷണികളെ ഒന്നിച്ച് നേരിടും. ഇരു രാജ്യങ്ങളും സഖ്യകക്ഷികളും തന്ത്രപരമായ പങ്കാളികളുമാണ്. ഇസ്രയേൽ പാരാട്രൂപ്പർ ബ്രിഗേഡിൽ സേവനമനുഷ്ഠിച്ച അസാർ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവായും ദേശീയ സുരക്ഷാ, വിദേശനയ ഉപ ഉപദേഷ്ടാവുമായിരുന്നു.
1. ഇറാൻ ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും തയാറാക്കി
2. ഇറാൻ നിഴൽയുദ്ധം നടത്തുന്നു
3. സുരക്ഷാ കരാർ ലംഘിച്ച് നിയമവിരുദ്ധ ആണവ പ്രവർത്തനങ്ങൾ നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |