ലണ്ടൻ: 27വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്ക് കിട്ടുന്ന ഐ.സി.സി ട്രോഫിയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം. കൃത്യമായി പറഞ്ഞാൽ 9722 ദിവസങ്ങളാണ് ഇങ്ങനെയൊരു നേട്ടത്തിനായി എടുത്ത സമയം. 1998ൽ ബംഗ്ലാദേശിൽ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫിയിൽ ചാമ്പ്യൻമാരായതാണ് ഇതിനു മുൻപത്തെ അവരുടെ ഐ.സി.സി കിരീടം.
ഇപ്പോഴിതാ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ വിജയാഘോഷങ്ങൾക്കിടയിൽ ദക്ഷിണാഫ്രിക്കൻ താരം മാർക്രം ആരാധകനിൽ നിന്നും ബിയർ വാങ്ങി കുടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആരാധകന്റെ നിർബന്ധത്തിന് വഴങ്ങി താരം ബിയർ കുടിക്കുകയായിരുന്നുവെന്ന രീതിയിലാണ് സംഭവം വൈറലായത്. എന്നാൽ പിന്നീട് നടന്ന വാർത്താസമ്മേളനത്തിൽ തന്റെ ബാല്യകാല സുഹൃത്തായിരുന്നു അതെന്ന് മാർക്രം വ്യക്തമാക്കി.
'അതെന്റെ സ്കൂൾ കാല കൂട്ടുകാരിൽ ഒരാളായിരുന്നു. അവൻ എന്നെ അങ്ങോട്ട് വരാൻ നിർബന്ധിച്ചു, ഞാൻ പറഞ്ഞു നല്ല തിരക്കാണ് എനിക്ക് കഴിയില്ലെന്ന്. പിന്നീട് തിരക്കൊന്നും വകവയ്ക്കാതെ അവന്റെ അടുത്തേക്ക് ചെന്നു. ഒരു ഗ്ലാസ് ബിയർ മുഴുവനും കുടിച്ചു തീർത്തു. ഉറപ്പായും ആ ഗ്ലാസിൽ ഇനിയും ബിയർ ബാക്കി ഉണ്ടായിരുന്നു'. മാർക്രം മാദ്ധ്യമങ്ങളോട് പറഞ്ഞു.
2024 ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിലേക്ക് ടീമിനെ നയിച്ചത് മാർക്രമാണ്. വിജയം കൺമുന്നിൽ കണ്ടിട്ടും തോൽവിയുടെ മുറിവേറ്റിരുന്നവരാണ് ഇന്ന് മറ്റൊരു വിജയത്തിൽ തിളങ്ങുന്നത്. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |