തിരുവനന്തപുരം: മഴ കനത്ത സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട് തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോടും വയനാടും നാളെ റെഡ് അലർട്ടും, തൃശൂർ ഓറഞ്ച് അലർട്ടുമാണ്.
'നാളെ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടി. ഈ സാഹചര്യത്തിൽ ജില്ലയിലെ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു.
'തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലും മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, നഴ്സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.'- ജില്ലാ കളക്ടർ അറിയിച്ചു.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
കാസർകോട് ജില്ലയിലെ നീലേശ്വരം, കാര്യങ്കോട് , ഉപ്പള, മൊഗ്രാൽ; പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല; തിരുവനന്തപുരം ജില്ലയിലെ കരമന എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക.യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |