നഷ്ടമായത് 116 പവന്റെ സ്വർണാഭരണങ്ങൾ
കൊച്ചി: നഗരമദ്ധ്യത്തിലെ വീട്ടിൽ നിന്ന് ഒമ്പത് മാസത്തിനിടെ പലപ്പോഴായി മോഷ്ടിച്ചത് 116 പവന്റെ സ്വർണാഭരണങ്ങളും 2.5 ലക്ഷം രൂപയും. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എറണാകുളം എസ്.ആർ.എം. റോഡ് സ്വദേശിനിയായ 52കാരിയുടെ വീട്ടിൽ നിന്നാണ് സ്വർണവും പണവും മോഷണം പോയത്. ഇവരുടെ പരാതിയിലാണ് കേസ്.
അവിവാഹിതയായ പരാതിക്കാരിയും മാതാപിതാക്കളും സ്വന്തം വീട്ടിലാണ് താമസം. രോഗബാധിതനായി പിതാവ് ആശുപത്രിയിലായതോടെ രണ്ട് മാസത്തോളം ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ സമയമായിരിക്കാം മോഷണം നടന്നതെന്നാണ് കരുതുന്നെങ്കിലും ഒരു വർഷത്തെ കാലയളവാണ് പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നത്.
നേരത്തെ ഇതേ പരാതിയുമായി 52കാരി നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നെന്നാണ് വിവരം. എന്നാൽ പരാതിയിലെ പൊരുത്തക്കേട് മൂലം കേസ് എടുത്തില്ല. കഴിഞ്ഞദിവസം ഇവർ സിറ്റി പൊലീസ് കമ്മിഷണറെ നേരിൽകണ്ട് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വീട്ടുജോലിക്കാരിയെ സംശയമുണ്ടെന്നാണ് പരാതിക്കാരിയുടെ മൊഴി. എറണാകുളം സ്വദേശിനിയായ ഇവരിപ്പോൾ ഇവിടെ ജോലിക്ക് വരുന്നില്ല. ഇവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. പൊലീസ് മറ്റ് സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. 114 പവൻ സ്വർണാഭരണങ്ങളും 2 പവന്റെ സ്വർണച്ചെയിനോട് കൂടിയ വാച്ച്, പണം എന്നിവയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം പേടി
വീട്ടുജോലിക്കാരി ആരോപണമുനയിൽ നിൽക്കുന്ന കേസിൽ പൊലീസ് കരുതലോടെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 116 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടിട്ടില്ലെന്നോ മറ്റോ പിന്നീട് കണ്ടെത്തിയാൽ തിരുവനന്തപുരം കേസുപോലെ ആകുമോയെന്ന ഭയം പൊലീസുകാർക്കുണ്ട്. മോഷണം നടന്ന വീട്ടിൽ പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |