വെള്ളറട: പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടിൽ പ്രിയംവദയെ അരുംകൊല ചെയ്ത പ്രതി വിനോദ് ഒന്നുമറിയാതെ മൂന്നു ദിവസം യാതൊരു കൂസലുമില്ലാതെ നടന്നു.
ആർക്കും സംശയം തോന്നാത്തവിധം ബന്ധുക്കൾ പ്രിയംവദയ്ക്കായി നടത്തിയ തെരച്ചിലിലും ഇയാൾ ഒപ്പം കൂടി. പ്രിയംവദയെ കാണാതായതിനെ തുടർന്ന് വീടിന് സമീപത്തുള്ള ഇവരുടെ സഹോദരി വത്സലയും മക്കളും അന്വേഷിക്കുന്നത് വിനോദിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാളും അന്വേഷണത്തിന്റെ ഭാഗമായത്. ഇന്നലെ രാവിലെയും വത്സലയുടെ മകൻ ബിജുവിനോട് പ്രിയംവദയെക്കുറിച്ച് വിവരമെന്തെങ്കിലും ലഭിച്ചോയെന്ന് വിനോദ് ചോദിച്ചിരുന്നു.
പിന്നാലെയാണ് വീട്ടിൽ പൊലീസെത്തുന്നത്. അയൽവാസികൾ തമ്മിൽ കാര്യമായ പിണക്കങ്ങളൊന്നുമില്ലായിരുന്നു. നേരത്തെ പ്രിയംവദയുമായി വിനോദിന് ബന്ധമുണ്ടെന്ന് പറഞ്ഞ് വിനോദിന്റെ ഭാര്യാമാതാവ് സരസ്വതി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി ബിജു പറഞ്ഞു. അയൽവാസികൾ ഉണരും മുമ്പേ പ്രിയംവദ ജോലിക്കുപോയി വൈകിട്ട് ആറോടെ മടങ്ങിയെത്തും. തുടർന്ന് പ്രദേശത്തെ ബന്ധുക്കളുമൊരുമിച്ച് അരമണിക്കൂർ സംസാരിച്ച ശേഷമാണ് വീട്ടിലേക്ക് കയറുക. വിവാഹിതരായ രണ്ട് പെൺമക്കളെയും രാത്രിയിൽ ഫോൺ വിളിക്കുന്നത് പതിവായിരുന്നു.
എന്നാൽ വ്യാഴാഴ്ച മക്കളായ രേഷ്മയെയും ചിഞ്ചുവിനെയും വിളിക്കാതിരുന്നതിനെ തുടർന്ന് ഇരുവരും അമ്മയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. രാത്രിയോടെ വാർഡ് മെമ്പർ ശ്യാമിനെയും കൂട്ടി ബന്ധുക്കൾ വെള്ളറട പൊലീസിൽ പരാതി നൽകി. 13ന് പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുമ്പോഴും അരുംകൊലയുടെ സംശയം പരിസരവാസികൾക്ക് പോലും തോന്നിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |