SignIn
Kerala Kaumudi Online
Saturday, 26 July 2025 10.58 AM IST

നിരത്തിൽ അസ്തമിക്കുന്ന പ്രതീക്ഷകൾ

Increase Font Size Decrease Font Size Print Page
raod-accident

സംസ്ഥാനത്ത് റോഡപകടങ്ങളിൽ നിരവധി പേരുടെ ജീവനാണ് ഓരോദിവസവും പൊലിയുന്നത്. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ സുരക്ഷയ്ക്കായുള്ള പല നിർദേശങ്ങളും കാറ്റിൽ പറത്തുകയാണ് പതിവ്. ഓരോ വർഷവും 1.35 ദശലക്ഷം ട്രാഫിക്ക് മരണങ്ങളാണ് ആഗോളതലത്തിൽ സംഭവിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. റോഡപകടങ്ങളിൽ രാജ്യത്ത് ഒരുദിവസം ഏകദേശം 426 പേരാണ് മരിക്കുന്നതെന്നും 100 റോഡപകടങ്ങളിൽ 44 എണ്ണവും ഇരുചക്ര വാഹനക്കാർക്കാണ് സംഭവിക്കുന്നതെന്നുമാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്.

2020 മുതൽ ഈ വർഷം മാർച്ച് വരെ സംസ്ഥാനത്ത് ചെറുതും വലുതുമായ 2.63 ലക്ഷം വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 23,410 പേർ മരിക്കുകയും 2.98 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2020 ൽ കേരളത്തിൽ 27,877 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,979 പേർ മരിക്കുകയും 30,510 പേർക്ക് പരിക്കേൽക്കുകയും 23,216 പേർക്കാണ് ഗുരുതരമായും പരിക്കേറ്റു. 2021ൽ 33,296 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 3,429 പേർ മരിക്കുകയും 40,204 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റത് 27,537 പേർക്കാണ്. 2022 ൽ 43,910 റോഡകടങ്ങളിലായി 4,317 പേർ മരിക്കുകയും 49,307 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 35,688 പേർക്ക് ഗുരുതര പരിക്കേറ്റു. 2023 ജൂലായ് വരെയുള്ള കണക്കെടുത്താൽ 28,067 റോഡപകടങ്ങളിലായി 2,422 പേർക്ക് ജീവൻ നഷ്ടമാവുകയും 31,939 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2024ൽ 48,919 വാഹനാപകടങ്ങളിലായി 3,774 പേരാണ് മരിച്ചത്. 54,743 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം മാർച്ച് വരെയുള്ള കണക്ക് പ്രകാം 12,636 വാഹനാപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ 956 പേർക്ക് ജീവൻ നഷ്ടമാവുകയും 14,391 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കൂടുതലും

ഇരുചക്ര യാത്രികർ

കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന അപകടങ്ങളിൽ 60 ശതമാനവും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളാണെന്നാണ് കണക്കുകൾ. മോട്ടോർ വാഹനവകുപ്പിന്റെ കണക്കനുസരിച്ച് ആകെ 1.66 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് 1.08 കോടിയും ഇരുചക്ര വാഹനങ്ങളാണ്. ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചതും റോഡുകളുടെ അപര്യാപ്തതയുമാണ് റോഡപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തൽ. ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞാൽ ലോറികളും സ്വകാര്യ ബസുകളുമാണ് അപകടത്തിൽപ്പെടുന്നവയിൽ കൂടുതലും. അമിതവേഗം, മദ്യപിച്ച് വണ്ടിയോടിക്കുക, തെറ്റായ ദിശയിൽ ഡ്രൈവ് ചെയ്യുക, അശ്രദ്ധ, റോഡിന്റെ ശോചനീയാവസ്ഥ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ.
വാഹനമോടിക്കാനുള്ള ലൈസൻസ് ലഭിക്കുക എന്നതിനപ്പുറത്തേക്ക് റോഡ് നിയമങ്ങളെക്കുറിച്ചും റോഡിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ഭൂരിഭാഗം പേരും ബോധവാന്മാരല്ല. വാഹനം ഓടിക്കുന്നവർ മാത്രമല്ല, കാൽനട യാത്രക്കാരും പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഉദാഹരണത്തിന്, റോഡിന്റെ ഏത് വശത്തിലൂടെയാണ് നാം നടക്കേണ്ടത് എന്നുപോലും പലർക്കും അറിയില്ല. തിരക്കേറിയ കവലകളിലും റെയിൽ ക്രോസിംഗുകളിലും ഇടുങ്ങിയ റോഡുകളിലും റോഡ് മര്യാദകൾ മറന്ന് വാഹനം ഓടിക്കുന്ന മോശം സംസ്‌കാരമാണ് പലർക്കിടയിലുമുള്ളത്. വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വീതി കൂടിയ ഹൈവേകൾ പലയിടങ്ങളിലും നിർമ്മിക്കുന്നുണ്ട്. എന്നാൽ, കാൽനടയാത്രക്കാരുടെയും റോഡ് മുറിച്ച് കടക്കുന്നവരുടെയും സുരക്ഷിതത്വത്തിന് വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെന്ന് പറയേണ്ടി വരും. ഹൈവേകളിൽ കൂടുതൽ ശ്രദ്ധപുലർത്തുകയും ഇടറോഡുകളുടെ പരിപാലനം പിന്നിലേക്ക് പോവുകയും ചെയ്യുന്നത് വാഹനാപകടങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായി. എല്ലാവരിലും ശരിയായ ട്രാഫിക് അവബോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്.

റോഡിന്റെ നിലവാരക്കുറവും

അപകടകാരണം
റോഡുകളുടെ ശോചനീയാവസ്ഥയാണ് അപകടങ്ങളുടെ പ്രധാന കാരണം. നിലവിലെ റോഡുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തി പരിപാലിച്ചാൽത്തന്നെ റോഡപകടങ്ങളിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കും. ഗതാഗത നിയമങ്ങൾ തെറ്റിക്കുമ്പോൾ പിഴ ചുമത്തിയതുകൊണ്ട് മാത്രം നല്ല റോഡ് സംസ്‌കാരം വളർത്തിയെടുക്കാനാകില്ല. ട്രാഫിക് ബോധവത്‌കരണ ക്ലാസുകൾ വിദ്യാലയങ്ങളിൽ നിന്നേ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു. ഇത്തരം പരിഷ്‌‌കരണങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ്‌ രൂപപ്പെടുത്തിയെടുക്കേണ്ടത്. ഓരോ ദിവസം കഴിയുന്തോറും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണുള്ളത്. എന്നാൽ, ഇതിന് അനുസരിച്ച് റോഡുകളിലെ അപാതകകൾ പരിഹരിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

വികസിത രാജ്യങ്ങളിലെ റോഡ് മര്യാദകൾ അത്ഭുതപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ഇത്തരം റോഡ് മര്യാദകൾ നമ്മുടെ നാട്ടിൽ പ്രാവർത്തികമാകാത്തത് എന്തെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അനാവശ്യമായി ഹോണടിക്കുന്നത് മര്യാദകേടാണ്. വിദേശരാജ്യങ്ങളിൽ ഹോണടിക്കുന്നത് എതിരെ വരുന്ന വാഹനമോടിക്കുന്നവരെ ചീത്ത വിളിക്കുന്നതിന് തുല്യമാണ്. നല്ല ഗതാഗത സംസ്‌‌കാരം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. നാം കാരണം ഒരാളുടേയും ജീവൻ പൊലിയരുതെന്ന ഉറച്ച തീരുമാനം എല്ലാവർക്കുമുണ്ടാകണം. മാതൃകാപരമായ ഗതാഗത സംസ്‌‌കാരം വളർത്തിയെടുത്ത് റോഡപകടങ്ങൾ പരമാവധി കുറയ്ക്കാനുള്ള കൂട്ടായി പരിശ്രമിക്കാം.

TAGS: ROAD, DEAD, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.