ഇറക്കുമതിയും കയറ്റുമതിയും ഇടിഞ്ഞു
കൊച്ചി ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും രാജ്യത്തെ കയറ്റുമതി മേഖല ശക്തമായി പിടിച്ചുനിൽക്കുന്നു. മേയിൽ 3,873 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക പ്രതിസന്ധികൾക്കിടെയിലും കയറ്റുമതിയിൽ മുൻവർഷം മേയ് മാസത്തേക്കാൾ 2.17 ശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 3,959 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്. ഇതോടൊപ്പം ഇന്ത്യയിലേക്കുള്ള ഉത്പന്ന ഇറക്കുമതി 1.7 ശതമാനം കുറഞ്ഞ് 6,061 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം മേയിൽ ഇറക്കുമതി 6,168 കോടി ഡോളറായിരുന്നു.
കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാര കമ്മി മേയ് മാസത്തിൽ 2,188 കോടി ഡോളറായി ചുരുങ്ങി. ഏപ്രിലിൽ ഇന്ത്യയുടെ വ്യാപാര കമ്മി 2,642 കോടി ഡോളറായിരുന്നു. മുൻവർഷം മേയിലെ വ്യാപാര കമ്മി 2,209 കോടി ഡോളറായിരുന്നു.
നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ കയറ്റുമതി 7,719 കോടി ഡോളറായും ഇറക്കുമതി 12,552 കോടി ഡോളറായും ഉയർന്നുവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
സേവന കയറ്റുമതിയിൽ കുതിപ്പ്
കഴിഞ്ഞ മാസം ഇന്ത്യയിലെ സേവന കയറ്റുമതി 3,239 കോടി ഡോളറായി ഉയർന്നു. സേവനങ്ങളുടെ ഇറക്കുമതി മൂല്യം 1,714 കോടി ഡോളറാണ്. സേവന മേഖലയിലെ വ്യാപാര മിച്ചം 1,465 കോടി ഡോളറാണെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബാത്രവാൾ പറഞ്ഞു.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് മേധാവിത്തം
മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 54 ശതമാനം വർദ്ധനയോടെ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. കെമിക്കലുകൾ, ഫാർമ്മ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലും വർദ്ധന നേടി. അതേസമയം രാജ്യാന്തര വിപണിയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് കയറ്റുമതി മൂല്യം കുറയാൻ കാരണമെന്ന് സുനിൽ ബാത്രവാൾ വ്യക്തമാക്കി.
ട്രംപ് തീരുവ ബാധിച്ചില്ല
അമേരിക്കയിലേക്കുള്ള ഇറക്കുമതിയ്ക്ക് പത്ത് ശതമാനം അധികം തീരുവ ഈടാക്കാനുള്ള തീരുമാനം ഇന്ത്യൻ കയറ്റുമതി മേഖലയെ ബാധിച്ചില്ല. ഏപ്രിൽ, മേയ് മാസങ്ങളിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി മുൻവർഷത്തെ 1,417 കോടി ഡോളറിൽ നിന്ന് 1,725 കോടി ഡോളറായി ഉയർന്നു.
മേയ് മാസത്തെ കയറ്റുമതി 3,873 കോടി ഡോളർ
ഇറക്കുമതി 6,061 കോടി ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |