ന്യൂഡൽഹി: കേരളത്തിൽ ജനകീയനായ കളക്ടറെന്ന് പേരെടുക്കുകയും കേന്ദ്രത്തിൽ ഉന്നത പദവികൾ വഹിക്കുകയും ചെയ്ത അമിതാബ് കാന്ത് ഔദ്യോഗിക ചുമതലകളിൽ നിന്ന് സ്വയം ഒഴിഞ്ഞു.സർവീസ് കാലാവധി കഴിഞ്ഞിരുന്നെങ്കിലും ഉന്നത പദവികൾ നൽകി സർക്കാർ സേവനം പ്രയോജനപ്പെടുത്തുകയായിരുന്നു.
ഇന്ത്യയുടെ ജി-20 ഷെർപ്പ സ്ഥാനത്ത് നിന്ന് ഇന്നലെ സ്വയം വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ, 45 വർഷത്തെ സർവീസ് പൂർത്തിയാക്കിയിരുന്നു. ഇനി സ്റ്റാർട്ടപ്പുകൾ, അക്കാഡമിക് സ്ഥാപനങ്ങൾ എന്നിവയുമായി ഇടപഴകാനാണ് തീരുമാനമെന്ന് അറുപത്തിയൊൻപതുകാരനായ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
''45 വർഷത്തെ സമർപ്പിത സർക്കാർ സേവനത്തിന് ശേഷം, പുതിയ അവസരങ്ങൾ സ്വീകരിക്കാനും പുതിയ അദ്ധ്യായം ആരംഭിക്കാനും തീരുമാനിച്ചു. ഇന്ത്യയുടെ ജി-20 ഷെർപ്പ പദവിയിൽ നിന്നുള്ള രാജി സ്വീകരിച്ചതിനും ഇന്ത്യയുടെ വളർച്ചാ പാതയെ രൂപപ്പെടുത്തുന്ന വികസന സംരംഭങ്ങൾ നയിക്കാൻ വിശ്വാസം അർപ്പിച്ചതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ട്'' -അദ്ദേഹം പറഞ്ഞു.
2016 ഫെബ്രുവരി മുതൽ 2022 ജൂൺ വരെ നിതി ആയോഗ് സി.ഇ.ഒ ആയിരുന്നു. കൂടുതൽ കാലം ഈ പദവി വഹിച്ചഉദ്യോഗസ്ഥനാണ്. നിതി ആയോഗ് സി.ഇ.ഒ എന്ന നിലയിൽ ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് അടിത്തറയിടാനും മേഖലകളിലുടനീളം നയ പരിഷ്കാരങ്ങൾ നടപ്പിലാക്കാനും കഴിഞ്ഞെന്ന് അമിതാബ് കാന്ത് ഓർമ്മിച്ചു.
2022 ജൂലായിൽ ഇന്ത്യയുടെ ജി-20 ഷെർപ്പയായി നിയമിതനായതോടെ 2023 സെപ്‌തംബറിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ആ ഉച്ചകോടിയുടെ മുഖ്യസംഘാടകനായി.
വാരാണസി സ്വദേശിയായ അമിതാബ് കാന്ത് 1980ൽ കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക യാത്ര തുടങ്ങുന്നത്.
ഭാര്യ: രഞ്ജീത, മക്കൾ: വേദിക കാന്ത്, വൻഷിക കാന്ത്.
കേരളത്തിലും കേന്ദ്രത്തിലും
വികസന മുദ്രകൾ
#അടിസ്ഥാന വികസനത്തിന്റെ മൂല്യം മനസ്സിലാക്കിയത് കേരളത്തിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
തലശ്ശേരിയിൽ സബ് കളക്ടറായിരുന്ന കാലം മുതൽ. റോഡുകൾ വീതി കൂട്ടൽ, കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ തുടങ്ങി അടിസ്ഥാനവികസനത്തിൽ ശ്രദ്ധയൂന്നി. കോഴിക്കോട് ജില്ലാ കളക്ടറായിരിക്കേ, കാലിക്കറ്റ് വിമാനത്താവള വിപുലീകരണത്തിൽ നിർണായക പങ്ക് വഹിച്ചു. പബ്ലിക് ലൈബ്രറി കെട്ടിടവും മാനാഞ്ചിറ മൈതാനവും അടങ്ങിയ മാനാഞ്ചിറ സ്‌ക്വയർ നവീകരണം നടപ്പാക്കി. മലബാർ മഹോത്സവത്തിനും തുടക്കമിട്ടു.
2001ൽ ടൂറിസം സെക്രട്ടറി എന്ന നിലയിൽ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന മുദ്രാവാക്യം ജനപ്രിയമാക്കി സംസ്ഥാനത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമായി അവതരിപ്പിച്ചു.
#കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെ അവതരിപ്പിച്ച 'ഇൻക്രെഡിബിൾ ഇന്ത്യ' 'അതിഥിദേവോഭവ' പ്രചാരണം
ഏറെ ശ്രദ്ധ നേടി. ഇൻഡസ്ട്രിയൽ പോളിസി ആന്റ് പ്രൊമോഷൻ ഡി.ഐ.പി.പി) സെക്രട്ടറിയായിരിക്കെ 'മെയ്ക്ക് ഇൻ ഇന്ത്യ', 'സ്റ്റാർട്ട് അപ്പ് ഇന്ത്യ', "ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്" തുടങ്ങിയ സംരംഭങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |