കൊച്ചി: ട്രോളിംഗ്, പരമ്പരാഗത മത്സ്യബന്ധനം തടഞ്ഞ് മഴയും കാറ്റും. കണ്ണൂർ തീരത്ത് തീപിടിച്ച കപ്പലിലെ രാസവസ്‌തു കണ്ടെയ്‌നറുകളും ഇതിനൊപ്പം കരയ്‌ക്കടിഞ്ഞു തുടങ്ങിയതോടെ തീരദേശം കടുത്ത ആശങ്കയിൽ.
അമ്പലപ്പുഴ വളഞ്ഞവഴി കാക്കാഴം കടപ്പുറത്ത് ഇന്നലെ പുലർച്ചെ 5.30 ഓടെ വാതക കണ്ടെയ്നർ അടിഞ്ഞു. യൂറോടെയിനർ കമ്പനിയുടെ ലിക്യുഫൈഡ് ആൻഡ് ക്രയോജനിക് ഗ്യാസ് ശേഖരിക്കുന്ന പോർട്ടബിൾ ടാങ്കർ ആണെന്നറിഞ്ഞതോടെ പരിഭ്രാന്തിയായി.
ജില്ലാകളക്ടർ അലക്സ് വർഗീസ് സ്ഥലത്തെത്തി കൊച്ചിയിലെ കസ്റ്റംസ് അധികൃതരുമായി സംസാരിക്കുകയും വാതകടാങ്ക് ശൂന്യമാണെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് ആശങ്കയ്ക്ക് ശമനമായത്.
പുന്നപ്രയിൽ ലൈഫ് ബോട്ടും ചെല്ലാനത്ത് ബാരലും ഒഴുകിയെത്തി. ഇവ നീക്കം ചെയ്യാൻ ദുരന്തനിവാരണ അതോറിറ്റി ശ്രമിക്കുന്നുണ്ട്. കണ്ടെയ്‌നറിന് 200 മീറ്റർ അടുത്തേക്ക് പോകരുതെന്ന് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
25ലേറെ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചിട്ടുണ്ടെന്നാണ് സൂചന. രണ്ടോ മൂന്നോ ദിവസങ്ങൾക്കകം ഇവ തലശേരിക്കും കൊല്ലം കരുനാഗപ്പള്ളിക്കുമിടയിൽ ഒഴുകിയെത്തുമെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ് ) മുന്നറിയിപ്പ് നൽകി.
കപ്പലുടമകളായ വാൻ ഹായ് ലൈൻസ് കപ്പലിലെ തീയണയ്‌ക്കാനും എണ്ണച്ചോർച്ച തടയാനും ഗുജറാത്ത് ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തുക മാത്രമാണ് ചെയ്‌തത്.
ശാസ്ത്രീയമായി നീക്കണം
കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാൽ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിക്കാമെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ്സ് സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) മുൻ ജോയിന്റ് ചീഫ് കൺട്രോളർ ഡോ.ആർ. വേണുഗോപാൽ പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപ്പേറഷൻ പോലുള്ള എണ്ണക്കമ്പനികളിലെ വിദഗ്ദ്ധരുടെ സഹായത്തോടെ ഗ്യാസ് കണ്ടെയ്നറുകൾ ബോട്ട്ലിംഗ് പ്ളാന്റുകളിലെത്തിച്ച് ഗ്യാസ് മാറ്റാം.
അമോണിയ പോലെ മാരകമായ രാസവസ്‌തുക്കളാണെങ്കിൽ ഫാക്ട് പോലുള്ള കമ്പനികളിലെത്തിച്ച് നിർവീര്യമാക്കാം.
കണ്ടെയ്‌നറുകൾ കൂട്ടിയിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ പൊട്ടലോ ചോർച്ചയോ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.
65 നോട്ടിക്കൽ മൈൽ
അകലെ: തീ അണയുന്നില്ല
തീരത്തുനിന്ന് 65 നോട്ടിക്കൽ മൈലിലേറെ വലിച്ചുനീക്കിയ കപ്പലിലെ തീ അണയ്‌ക്കാൻ കഴിഞ്ഞിട്ടില്ല. കടുത്ത പുക ഉയരുന്നുണ്ട്. കോസ്റ്റ് ഗാർഡ്, നാവികസേന, രക്ഷാദൗത്യമുള്ള കരാർ സ്ഥാപനം എന്നിവ ശ്രമം തുടരുകയാണ്. കടൽക്ഷോഭം രൂക്ഷമായതും കനത്ത മഞ്ഞും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് നാവികസേനാ വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |