ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാതലത്തിൽ ഡി.ജി.സി.എ നിർദ്ദേശ പ്രകാരം എയർഇന്ത്യയുടെ 787 സീരീസ് ഡ്രീംലൈനർ വിമാനങ്ങളുടെ പരിശോധന തുടരുന്നു. എൻജിൻ,ഫ്ലാപ്പുകൾ,ഗിയർ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. 22 വിമാനങ്ങൾ പരിശോധിച്ചതിൽ കാര്യമായ തകരാറുകൾ കണ്ടെത്തിയിട്ടില്ല. 33 ഡ്രീംലൈനറുകളാണ് എയർഇന്ത്യയ്‌ക്കുള്ളത്.
അതേസമയം,വിമാന അപകടത്തിൽ കൊല്ലപ്പെട്ട 119 പേരുടെ മൃതദേഹങ്ങൾ കൂടി ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മരിച്ച മലയാളി രഞ്ജിത നായരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാണിയുടെ മൃതദേഹം രാജ്‌കോട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
ഇന്നലെ തിരിച്ചറിഞ്ഞ 74 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇതിൽ 12എണ്ണം അഹമ്മദാബാദ് സ്വദേശികളുടേതാണ്. അതിനിടെ,ബോയിംഗിൽ നിന്നുള്ള ഒരു സംഘവും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് വീണ്ടും പരിശോധന നടത്തി.
രമേശിന്റെ രക്ഷപ്പെടൽ
ദൃശ്യങ്ങൾ
കത്തിയമർന്ന വിമാന അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് രമേശ് വിശ്വാസ് അദ്‌ഭുതകരമായി രക്ഷപ്പെട്ട് പുറത്തുവരുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വിമാനം തകർന്നു വീണ് ആളിക്കത്തിയ മെഡിക്കൽ കോളേജ് കാമ്പസിനുള്ളിൽ നിന്ന് രമേശ് നടന്നു വരുന്നതാണ് ദൃശ്യങ്ങളിൽ. തീ കാരണം അടുക്കാനാകാതെ മാറി നിന്ന ആളുകൾ അദ്‌ഭുതത്തോടെ രമേശിനെ കാണുന്നതും കൂട്ടിക്കൊണ്ടുപോകുന്നതും കാണാം.
രുപാണിക്ക് വിട
ഇന്നലെ രാവിലെ 11മണിക്ക് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം വിമാനമാർഗം രാജ്കോട്ടിൽ എത്തിച്ച് വസതിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് അഞ്ചുമണിക്ക് അവിടെ നിന്ന് ആയിരങ്ങൾ പങ്കെടുത്ത വിലാപ യാത്രയുടെ അകമ്പടിയോടെ രാംനാഥ്പാറ ശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിച്ചു. മൃതദേഹം ഞായറാഴ്ച തിരിച്ചറിഞ്ഞിരുന്നു.
വിജയ് രൂപാണിയുടെ ഭാര്യയും ബി.ജെ.പി നേതാവുമായ അഞ്ജലി രൂപാണി കണ്ണീരോടെ ഭർത്താവിന് വിട നൽകി. അഹമ്മദാബാദ് ആശുപത്രിയിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ,ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ,മന്ത്രിമാരായ ഋഷികേഷ് പട്ടേൽ,ഹർഷ് സംഘവി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്‌കോട്ടിലെ വസതിയിലെത്തി.
ഡ്രീംലൈനർ തിരിച്ചിറക്കി
ഡൽഹിയിലേക്ക് പോകാൻ ഹോങ്കോംഗ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർഇന്ത്യയുടെ എ.ഐ 315-ാം നമ്പർ 787-8 ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. യാത്രക്കാർ സുരക്ഷിതരാണ്. രാവിലെ 8.50നുള്ള വിമാനം മൂന്നരമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. പറന്നു തുടങ്ങിയ ശേഷം യാത്രാമദ്ധ്യേ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. അതേസമയം,ഡൽഹിയിൽ നിന്ന് റാഞ്ചിലേക്ക് പുറപ്പെട്ട എ.ഐ 9695 വിമാനം സങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ തിരിച്ചിറക്കി.
ഹജ്ജ് യാത്രക്കാരുമായി എത്തിയ
വിമാനത്തിൽ പുക
ലക്നൗ: സൗദി അറേബ്യയിൽ നിന്ന് 250 ഹജ്ജ് തീർത്ഥാടകരുമായി ലക്നൗവിലെത്തിയ വിമാനത്തിന്റെ ചക്രത്തിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശിലെ ചൗധരി ചരൺ സിംഗ് വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 6.30നാണ് സംഭവം. ലാൻഡിംഗിനിടെ ഇടതു ചക്രത്തിൽനിന്ന് തീയും പുകയും ഉയർന്നത് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ(എ.ടി.സി) അറിയിച്ചു. തുടർന്ന് വിമാനത്തെ ടാക്സിവേയിൽ എത്തിച്ച് യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി. 20 മിനിറ്റ് പരിശ്രമിച്ചാണ് തീയണച്ചത്. യാത്രക്കാർ സുരക്ഷിതരാണ്. ഹൈഡ്രോളിക് സംവിധാനത്തിലെ ചോർച്ചയാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ എയർപോർട്ട് അതോറിട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സൗദി എയർലൈൻസിന്റെ എസ്.വി 312 വിമാനം ഞായറാഴ്ച രാത്രി 10.45നാണ് ജിദ്ദയിൽ നിന്ന് പുറപ്പെട്ടത്.
ലുഫ്താൻസ വിമാനം
തിരിച്ചുപറന്നു
ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസാ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ തിരിച്ചിറക്കി. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 2.14ന് പറന്നുയർന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ബോംബ് ഭീഷണി വന്നത്. ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വൈകിട്ട് അഞ്ചരക്ക് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ തിരിച്ചിറങ്ങി. വിമാനം ഇന്നലെ പുലർച്ചെ ഹൈദരാബാദിൽ എത്തേണ്ടതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |