ന്യൂഡൽഹി: ചാർധാം തീർത്ഥാടനത്തിലെ സ്വകാര്യ ഹെലികോപ്ടർ അപകടത്തിൽ നരഹത്യാക്കുറ്റത്തിന് കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. ആര്യൻ ഏവിയേഷന്റെ രണ്ട് മാനേജർമാരെ പ്രതികളാക്കിയാണ് എഫ്.ഐ.ആർ. അനുവദിച്ചതിനും 50 മിനിട്ട് മുൻപ് ഹെലികോപ്ടർ പറന്നുയർന്നുവെന്ന് പൊലീസ് കണ്ടെത്തി. മോശം കാലാവസ്ഥ കണക്കിലെടുക്കാതെയാണ് സർവീസ് നടത്തിയതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മാനേജർമാരായ വികാസ് തോമർ,കൗശിക് പതക് എന്നിവർ വ്യോമ മന്ത്രാലയം ഉൾപ്പെടെ നൽകിയിരുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചില്ല. ജീവനും സ്വത്തിനും അപായമുണ്ടായേക്കുമെന്ന് ബോദ്ധ്യമുണ്ടായിരുന്നിട്ടും സർവീസ് ഓപ്പറേറ്റ് ചെയ്‌തെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഞായറാഴ്ച പുലർച്ചെ കേദാർനാഥിൽ നിന്ന് ഗുപ്‌ത്കാശിയിലെ ആര്യൻ ഹെലിപാഡിലേക്ക് പുറപ്പെട്ട കോപ്ടർ ഗൗരികുണ്ഡിലെ വനമേഖലയിൽ തകർന്നു വീഴുകയായിരുന്നു. കോപ്ടറിലുണ്ടായിരുന്ന ഏഴു പേരും മരിച്ചിരുന്നു. ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ജീവനക്കാരൻ വിക്രം റാവത്ത് അടക്കം അഞ്ച് യാത്രക്കാരും രണ്ടുവയസുള്ള പെൺകുട്ടിയും പൈലറ്റുമാണ് മരിച്ചത്. സൈപ്രസ് സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി,ഉത്തർപ്രദേശ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ വിളിച്ചു വിവരങ്ങൾ തിരക്കി. ഈവർഷത്തെ ചാർധാം തീർത്ഥാടനത്തിന് കോപ്ടർ സർവീസ് ഇനി അനുവദിക്കരുതെന്ന് സാമൂഹിക പ്രവർത്തകൻ അനൂപ് നൗട്ടിയാൽ ആവശ്യപ്പെട്ടു. ഒന്നരമാസത്തിനിടെ അഞ്ചാമത്തെ ഹെലികോപ്ടർ അപകടമാണെന്ന വസ്‌തുത ചൂണ്ടിക്കാട്ടിയാണിത്.
നോവായി പൈലറ്റിന്റെ മരണം
കോപ്ടറിന്റെ പൈലറ്റായിരുന്ന ജയ്‌പൂർ സ്വദേശി രാജ്‌വീർ സിംഗ് ചൗഹാന്റെ മരണം അക്ഷരാർത്ഥത്തിൽ കുടുംബത്തെ മാനസികമായി തകർത്തിരിക്കുകയാണ്. 2011ൽ വിവാഹിതനായ രാജ്‌വീർ,14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാലുമാസം മുൻപാണ് ഇരട്ടകുട്ടികളുടെ പിതാവായത്. ഇതിന്റെ ആഘോഷം ജൂൺ 30ന് നടത്താനിരുന്നതാണ്. ജൂൺ 25 മുതൽ ലീവും എടുത്തിരുന്നു. ഇതിനിടെയാണ് ദുരന്തം. എല്ലാദിവസവും ആൺ കൺമണികളെ കാണാൻ വീഡിയോ കോൾ വിളിച്ചിരുന്ന കുടുംബനാഥൻ ഇനിയില്ലെന്ന് വിതുമ്പുകയാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |