ചണ്ഡിഗഢ്: ഹരിയാനയിൽ മോഡലിന്റെ മൃതദേഹം കനാലിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. സോനിപതിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ സംഗീത വീഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ (സിമ്മി ചൗധരി) ആണ് മരിച്ചത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
പാനിപ്പത്തിൽ സഹോദരി നേഹയ്ക്കൊപ്പമാണ് ശീതൾ താമസിച്ചിരുന്നത്. ജൂൺ 14ന് അഹാർ ജില്ലയിൽ ഒരു ഷൂട്ടിംഗിനായി പോയതാണ് ശീതൾ. തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മുൻ കാമുകൻ സുനിലിൽ നിന്ന് ശീതൾ പീഡനം നേരിട്ടുവെന്നാണ് സഹോദരിയുടെ പരാതിയിൽ പറയുന്നത്. ആറു മാസം മുമ്പ് ഷൂട്ടിംഗിനിടെ കർണാലിലെ മോഡൽ ടൗണിലുള്ള സുകുൻ ഹോട്ടലിൽ ശീതൾ താമസിക്കുമ്പോഴാണ് സുനിലുമായി സൗഹൃദത്തിലാകുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ വിവാഹം കഴിക്കാൻ സുനിൽ ശീതളിനോട് ആവശ്യപ്പെട്ടു.
അപ്പോഴാണ് സുനിൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് ശീതൾ അറിയുന്നത്. തുടർന്ന് വിവാഹാഭ്യർത്ഥന നിരസിച്ച ശീതൾ,ഹോട്ടലിലെ താമസം അവസാനിപ്പിക്കുകയും ഷൂട്ടിംഗ് ഉപേക്ഷിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ശീതളിനെ അനുനയിപ്പിക്കാൻ സുനിൽ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |