തൃശൂർ: തിയേറ്ററിന് മുന്നിലുള്ള പാർക്കിംഗിനെ സംബന്ധിച്ച തർക്കത്തിനെ തുടർന്ന് തൃശൂർ മാപ്രാണത്ത് ലോട്ടറി വ്യാപാരി കുത്തേറ്റ് മരിച്ചു. മാപ്രാണം സ്വദേശി രാജൻ (65)ആണ് കൊല്ലപ്പെട്ടത്. തിയേറ്റർ നടത്തിപ്പുകാരനും സഹായിയും ചേർന്നാണ് രാജനെ ആക്രമിച്ചതെന്നാണ് വിവരം.
മാപ്രാണത്തെ വർണ തിയേറ്ററിന് സമീപം അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. തിയേറ്ററിൽ സിനിമ കാണാൻ എത്തുന്നവരുടെ വാഹനം സമീപത്തെ വഴിയിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ വിഷയത്തിൽ പൊലീസ് പരാതിയും നിലനിൽക്കുന്നുണ്ട്. മരിച്ച രാജന്റെ വീടും തിയേറ്ററിന് സമീപത്താണ്. കഴിഞ്ഞ ദിവസവും രാജനും മരുമകനും ചേർന്ന് പാർക്കിംഗിനെ സംബന്ധിച്ച് പരാതി ഉന്നയിച്ചു. പിന്നാലെ തർക്കവുമുണ്ടായി. ഇതിന് പിന്നാലെ തിയേറ്റർ നടത്തിപ്പുകാരനും മൂന്ന് ജീവനക്കാരും ചേർന്ന് ഇവരുടെ വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. കത്തിയും വടിവാളുമായി വീട്ടിൽ അതിക്രമിച്ച് കയറിയ ജീവനക്കാർ രാജനെയും മരുമകൻ വിനുവിനെയും ആക്രമിച്ചു. കുത്തേറ്റ് ഏറെ നേരം ചോരവാർന്ന് വീട്ടിനുള്ളിൽ തന്നെ കിടന്ന രാജൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വിനുവിന് ബിയർ കുപ്പികൊണ്ട് തലയ്‌ക്കടിയേറ്റു. സംഭവത്തിന് ശേഷം ഒളിവിൽ പോയ തിയേറ്റർ ഉടമകൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |