ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യ. ഇറാനിയൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം തുടർച്ചയായി നടത്തുന്നതിനാൽ അവിടെ കഴിയുന്ന ഇന്ത്യൻ പൗരന്മാരോട് നഗരം വിടാനാണ് നിർദേശം. സ്വയം നഗരം വിട്ടുപോകാൻ കഴിയുന്നവർ അത് ചെയ്യണമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്.
ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ ഉടനടി എംബസിയിൽ രജിസ്റ്റർ നടപടി പൂർത്തിയാക്കാനും നിർദേശിച്ചു. മൂന്ന് ഹെൽപ്പ്‌ലെെൻ നമ്പറും എംബസി പങ്കുവച്ചിട്ടുണ്ട്. +98 9010144557, +98 9128109109, +98 9128109109 എന്നിവയാണ് അത്. ഇറാനിൽ നിന്ന് ഇരുന്നൂറോളം വിദ്യാർത്ഥികൾ അർമേനിയ വഴി അതിർത്തികടന്നു. കൂടാതെ ഇസ്രയേലിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാർ, ഈജിപ്ത് അതിർത്തി വഴി എത്തിക്കാൻ നീക്കം തുടങ്ങിയെന്നാണ് വിവരം.
ഇറാൻ - ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമാകവേ ഇരുപക്ഷത്തും മരണ സംഖ്യ ഉയരുകയാണ്. ആക്രമണമാരംഭിച്ച വെള്ളിയാഴ്ചയ്ക്കു ശേഷം 224 പേർ കൊല്ലപ്പെട്ടെന്ന് ഇറാനും 24 മരണം ഇസ്രയേലും സ്ഥിരീകരിച്ചു. ഇറാന്റെ ഉന്നതരെ തേടിപ്പിടിച്ച് വകവരുത്തുകയാണ് ഇസ്രയേൽ. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കുടുംബവുമായി ഭൂഗർഭ ബങ്കറിൽ ഒളിച്ചു. ടെഹ്റാന്റെ വടക്കുകിഴക്കൻ മേഖലയായ ലാവിസാനിലാണ് ഖമനേയി ഉള്ളതെന്നാണ് വിവരം.
വെള്ളിയാഴ്ച തന്നെ ഖമനേയിയെ വധിക്കാൻ ഇസ്രയേലിന് പദ്ധതിയുണ്ടായിരുന്നെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് തലവൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസേമി ഇന്നലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഖുദ്‌സ് ഫോഴ്സ് (റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗം) ഇന്റലിജൻസ് തലവൻ മൊഹ്സീൻ ബക്രി, ഉപതലവൻ അബ്ദുൾ ഫസൽ നിഖോയ് എന്നിവരും കൊല്ലപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലും ആണവായുധ ഗവേഷണം നടത്തുന്ന പാർചിൻ സൈനിക കേന്ദ്രത്തിലും ബോംബിട്ടു. ടെഹ്റാനിൽ അഞ്ച് കാർ ബോംബുകളും പൊട്ടിത്തെറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |