പ്രാങ്ക് കോളുമായി ബന്ധപ്പെട്ട വിവാദത്തിൽ അവതാരകയും റേഡിയോ ജോക്കിയുമായ അഞ്ജലിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടി ഗീതി സംഗീത. മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയെ വിളിച്ച് മോശമായി സംസാരിച്ചത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് ഗീതി സംഗീത കുറിച്ചു. വിവാദത്തിന് പിന്നാലെ മാപ്പപേക്ഷിച്ച് അഞ്ജലി പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് ഗീതി സംഗീതയുടെ വിമർശനം.
'അവരുടെ മര്യാദ കൊണ്ടാണ് അവർ ആ കാൾ കട്ട് ചെയ്തത്. വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചപ്പോൾ എടുക്കാതിരുന്നതും. ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറിൽ നിന്ന് വിളി വന്നാൽ പേടിയോടെയല്ലാതെ അവർക്ക് അത് അറ്റൻഡ് ചെയ്യാൻ കഴിയുമോ?'- ഗീതി സംഗീത ചോദിച്ചു.
നടിയുടെ വാക്കുകളിലേക്ക്..
ഷെയിം ഓൺ യു, ആർജെ അഞ്ജലി.
അവർ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങൾ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ശേഷം, അവർ കാൾ കട്ട് ചെയ്തപ്പോൾ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങൾ ഇത്രയും ആർത്തുല്ലസിച്ച് ചിരിക്കാൻ വേണ്ടി എന്തുണ്ടായി?? അവരുടെ മര്യാദ കൊണ്ടാണ് അവർ ആ കാൾ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചപ്പോൾ എടുക്കാതിരുന്നതും.
ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറിൽ നിന്ന് വിളി വന്നാൽ പേടിയോടെയല്ലാതെ അവർക്ക് അത് അറ്റൻഡ് ചെയ്യാൻ കഴിയുമോ? ഇതിൽ കൂടി എന്ത് മെസേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിച്ചത്?? എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ നാടകം..
ആർട്ടിസ്റ്റായ ഒരു സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് അഞ്ജലി മോശമായി പെരുമാറിയത്. അപമാനത്തിന് പിന്നാലെ സ്ത്രീ ഫോൺ കട്ട് ചെയ്തപ്പോൾ അഞ്ജലിയും കൂടെയുണ്ടായിരുന്ന പെൺകുട്ടിയും പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. വീണ്ടും അവരെ വിളിക്കാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് അഞ്ജലി മാപ്പുമായി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |