അലനല്ലൂർ: ഇനി മുതൽ ചിരട്ട തീയിലേക്ക് എറിയാൻ വരട്ടെ. വീട്ടിലെത്തി നല്ല വിലതന്ന് ചിരട്ട വാങ്ങാൻ ആളുകളുണ്ട്. തേങ്ങയ്ക്കൊപ്പം നാട്ടിൻപുറങ്ങളിൽ ഇപ്പോൾ ചിരട്ടയ്ക്കും വൻ ഡിമാൻഡ് ആണ്. കിലോയ്ക്ക് 20 മുതൽ 30 രൂപ വരെ വില ലഭിക്കും. ഇപ്പോൾ ആക്രി കച്ചവടക്കാർ പ്രധാനമായും ശേഖരിക്കുന്ന വസ്തുക്കളിലൊന്നായി ചിരട്ട മാറിയിരിക്കുന്നു. ചിരട്ടയുടെ കരിയുടെയും പൊടിയുടെയും മൂല്യവർദ്ധിത ഉപയോഗമാണ് വിപണിയിൽ പെട്ടെന്ന് വിലയേറ്റിയത്. ജനുവരിയിൽ കിലോയ്ക്ക് അഞ്ചുമുതൽ 10 രൂപവരെ വീട്ടുകാർക്ക് നൽകിയിരുന്ന സ്ഥാനത്തിപ്പോൾ മൂന്ന് മടങ്ങ് വർധനയാണ് ഉണ്ടായിരിക്കുന്നത്. കർണാടക, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിലേക്കാണ് ജില്ലയിൽനിന്ന് ശേഖരിക്കുന്ന ചിരട്ടകളിൽ അധികവും കയറ്റിപ്പോകുന്നത്. ഇതിനായി ഇടനിലക്കാരുമുണ്ട്. വീടുകളിൽനിന്ന് ശേഖരിക്കുന്നവരുടെ പക്കൽനിന്ന് 50 രൂപ വരെ കിലോയ്ക്ക് നൽകിയാണ് ഇടനിലക്കാർ ചിരട്ട കൊണ്ടുപോകുന്നത്. ക്വിന്റൽ കണക്കിന് ചിരട്ടയാണ് ഇത്തരത്തിൽ ഏജന്റുമാർ കേരളത്തിൽ നിന്ന് സംഭരിച്ച് തമിഴ്നാട്ടിലേക്ക് എത്തിക്കുന്നത്. ആക്രി തൊഴിലാളികൾ അടക്കം വീടുകൾ കയറിയിറങ്ങി ചിരട്ട വാങ്ങുന്നുണ്ട്. ഇവർ തുച്ഛമായ വിലയാണ് നൽകുന്നത്. മുമ്പ് ചിരട്ടക്ക് വിലയില്ലാതിരുന്നപ്പോൾ വെറുതെ കൂടികിടന്നത് ഒഴിവാക്കാൻ ആക്രിക്കാർക്ക് സൗജന്യമായി നൽകിയ വീട്ടുകാരും ധാരാളം. വിദ്യാർത്ഥികൾ പോലും ഓൺലൈൻ വഴി ഓർഡറുകൾ സ്വീകരിച്ച് ചിരട്ട ശേഖരിക്കുന്ന സൈഡ് ബിസിനസും ആരംഭിച്ചിട്ടുണ്ട്. കർണാടകയിലെ തുമകൂരു, തമിഴ്നാട്ടിലെ ഉദുമൽപേട്ട, കങ്കയം തുടങ്ങിയ സ്ഥലങ്ങളിൽ ചിരട്ടക്കരി വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന ഫാക്ടറികളുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ, പല്ല് തേക്കാനുള്ള പൊടി തുടങ്ങിയവയിലൊക്കെ പ്രധാന ഘടകങ്ങളിലൊന്നായി ചിരട്ട കരിച്ച പൊടി ഉപയോഗിച്ചു തുടങ്ങിയതോടെയാണ് വില കുതിച്ചുയർന്നത്. ഒരു ടൺ ചിരട്ടയിൽ നിന്ന് ഏകദേശം 300 കിലോഗ്രാം ഉത്തേജിത കരി ലഭിക്കുമെന്നാണ് കണക്ക്. ചിരട്ട ഉയർന്ന ഊഷ്മാവിൽ കരിച്ചെടുക്കുമ്പോഴാണ് ഉത്തേജിത കരി ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |