ജോൺസണിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്
ആലപ്പുഴ : കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ, കെണി സ്ഥാപിച്ച താമരക്കുളം കിഴക്കേമുറി ഇടക്കണ്ടത്തിൽ ജോൺസണിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ജോൺസണിന്റെ അയൽവാസിയും
കർഷകനുമായ താമരക്കുളം കിഴക്കേമുറി പുത്തൻചന്ത പ്രസന്നഭവനത്തിൽ ശിവൻകുട്ടി കെ.പിള്ള (65)യുടെ മരണം ഷോക്കേറ്റാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതോടെയാണ് അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്തിരുന്ന കേസിൽ പിന്നീട് ബി.എൻ.എസ് 105 വകുപ്പ് ചുമത്തിയത്.
കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത ജോൺസണിനെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വരും ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വൈദ്യുതിക്കെണി ഒരുക്കാനുപയോഗിച്ച കേബിളുകളും കമ്പിയും കണ്ടെത്താനും തെളിവുകൾ ശേഖരിക്കാനുമാണിത്. ശിവൻ കുട്ടി പിള്ളയുടെ സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. വിദേശത്തായിരുന്ന മകൻ ശ്യാം എസ്.കെ പിള്ള വിവരമറിഞ്ഞ് ഇന്നലെ നാട്ടിലെത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ വീടിന് 300 മീറ്ററകലെയുള്ള കൊടുവര വയലിലേക്ക് പോയപ്പോഴാണ് ശിവൻകുട്ടി പിള്ളയ്ക്ക് അയൽവസ്തുക്കാരനായ ജോൺസണിന്റെ വസ്തുവിലെ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റത്.
പൊലീസിൽ പരാതി നൽകി കെ.എസ്.ഇ.ബി
മരച്ചീനിയും വാഴയും മറ്റും കൃഷി ചെയ്തിരുന്ന ജോൺസന്റെ പറമ്പിൽ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. തുടർന്ന് കൃഷിസ്ഥലത്തിന് ചുറ്റും ഇരുമ്പ് കമ്പി വലിച്ചുകെട്ടി അതിലേക്ക് വൈദ്യുതി കടത്തിവിട്ടു.
സംഭവത്തിൽ കെ.എസ്.ഇ.ബി നടത്തിയ അന്വേഷണത്തിൽ വൈദ്യുതി കണക്ഷനെടുത്തതിന്റെ തെളിവുകളൊന്നും ലഭ്യമാകാത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ചാരുംമൂട് സെക്ഷൻ ഓഫീസിൽ നിന്ന് നൂറനാട് പൊലീസിൽ പരാതി നൽകി.
ഇന്ന് ഹർത്താൽ
ശിവൻകുട്ടിപ്പിള്ളയോടുള്ള ആദര സൂചകമായും കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി പ്രദേശത്ത് ഇന്ന് ഉച്ചവരെ ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |