മാന്നാർ : തിരക്കുള്ള റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുമ്പോൾ ക്ഷമയോടെ കാത്ത് നിന്ന് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്ന തെരുവ് നായയുടെ വീഡിയോ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ വൈറലാകുമ്പോൾ മാന്നാർ ഗ്രാമപഞ്ചായത്ത് വാഹനത്തിന്റെ സാരഥിയായ മനു വിജയനും സന്തോഷിക്കാം. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ നായർ സമാജം ഹയർ സെക്കന്ററി സ്കൂളിന് മുന്നിലുള്ള സീബ്രാ ലൈനിലൂടെ തെരുവ് നായ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത് കുട്ടമ്പേരൂർ നടുവിലേപറമ്പിൽ മനു വിജയൻ (34) ആണ്.
റോഡ് മുറിച്ച് കടക്കാൻ കാത്ത് നിൽക്കുന്ന തെരുവ് നായ അവിചാരിതമായിട്ടാണ് മനുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. കൗതുകകരമായത് എന്തും മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മനു ഇതും പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് 4 ദിവസങ്ങൾക്ക് മുമ്പാണ്. മാന്നാറിലെ മാദ്ധ്യമ പ്രവർത്തകനായ അൻഷാദ് മാന്നാർ ഇത് കേരള പൊലീസിലെ സോഷ്യൽ മീഡിയ ടീമിന് കൈമാറിയതോടെയാണ് വീഡിയോ വൈറലായത്.ചില കാഴ്ചകൾ നമ്മളെ ചിന്തിപ്പിക്കും നിങ്ങൾക്ക് എന്ത് തോന്നുന്നു..? അഭിപ്രായങ്ങളുമായി കമന്റ് ബോക്സിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് കേരള പൊലീസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
അശ്രദ്ധമായി റോഡിലൂടെ സഞ്ചരിക്കുന്ന മനുഷ്യർക്ക് ഒരു പാഠമെന്ന നിലയിൽ, മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിന് പേർ വീഡിയോ ഷെയർ ചെയ്തതോടെ മനുവിന് അഭിനന്ദനപ്രവാഹവുമെത്തി. പതിനൊന്ന് വർഷമായി മാന്നാർ ഗ്രാമ പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറായ മനു കോവിഡ് കാലത്ത് ഔദ്യോഗിക തിരക്കിനിടയിൽ വീണുകിട്ടുന്ന വിശ്രമവേളകളിൽ ജനശ്രദ്ധയാകർഷിക്കുന്ന കോവിഡ് ജാഗ്രതാ നിർദേശങ്ങൾ അടങ്ങുന്ന പോസ്റ്ററുകൾ ഉണ്ടാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. അന്ന് ആലപ്പുഴ കളക്ടറായിരുന്ന അലക്സാണ്ടർ മനുവിനെ ചേമ്പറിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മനു മാന്നാർ @മാന്നാർ ഫേസ് ബുക്ക് ഗ്രൂപ്പിന്റെയും നിരവധി ഫേസ് ബുക്ക് പേജുകളുടെയും അഡ്മിൻ പാനലംഗവുമാണ്. സൂര്യയാണ് ഭാര്യ. നാലു വയസുകാരി റിഥിക ഏക മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |