തിരുവനന്തപുരം: നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസായ പേപ്പാറ ഡാമിന്റെ സംഭരണശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾക്ക് വീണ്ടും ചൂടുപിടിക്കുന്നു. ഇതുസംബന്ധിച്ച് വനംവകുപ്പ് - വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അടുത്തയാഴ്ച ചർച്ച നടത്തും.സംഭരണശേഷി 110.5 മീറ്ററിലേക്ക് ഉയർത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക അനുമതി തേടാനാണ് നീക്കം.
നഗരത്തിലെ ജലഉപഭോഗം വർദ്ധിച്ച സാഹചര്യത്തിലാണ് വാട്ടർ അതോറിട്ടി നീക്കം വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഡാം പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയിലായതിനാൽ സംഭരണശേഷി വർദ്ധിപ്പിക്കണമെങ്കിൽ കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട് ജലവിഭവ- ജലസേചന വകുപ്പുകളുടെ നേതൃത്വത്തിൽ നേരത്തെ അപേക്ഷ നൽകിയിരുന്നെങ്കിലും കേന്ദ്രം നടപടിയെടുത്തിരുന്നില്ല. ഇപ്പോൾ നിലവിലുള്ള സാഹചര്യങ്ങൾ വിശദമാക്കി വാട്ടർ അതോറിട്ടി പദ്ധതി റിപ്പോർട്ട് പുതുക്കി നൽകിയിട്ടുണ്ട്.
ഇപ്പോഴത്തെ സംഭരണശേഷി - 107.5 മീറ്റർ
കൂട്ടേണ്ടത് - 110.5 മീറ്ററായി
565 ഹെക്ടർ വെള്ളത്തിലാകും
465 ഹെക്ടർ പ്രദേശത്താണ് ഡാമും വെള്ളവുമുള്ളത്. സംഭരണശേഷി 110.5 മീറ്ററാക്കി ഉയർത്തിയാൽ 565 ഹെക്ടർ വരെ വെള്ളത്തിനടിയിലാകും. വന്യജീവികളുടെ ആവാസ്ഥ വ്യവസ്ഥയെയും ആദിവാസി സെറ്റിൽമെന്റുകളിലേക്കുള്ള സഞ്ചാരത്തെയും ഇത് ബാധിക്കുമെന്നാണ് വനംവകുപ്പ് പറയുന്നത്. അതിനാൽ കേന്ദ്രത്തിൽ നിന്നുള്ള അനുമതിക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
410 എം.എൽ.ഡി വെള്ളം വേണം
നഗരത്തിലെ 13 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി 400 മുതൽ 410 എം.എൽ.ഡി ജലമാണ് പേപ്പാറ,അരുവിക്കര ഡാമുകളിൽ നിന്നായി എത്തിക്കുന്നത്. വേനൽക്കാലത്ത് ജലനിരപ്പ് താഴുമ്പോൾ ഇത്രയും വെള്ളമെത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ദിനംപ്രതി ഉപഭോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംഭരണശേഷി കൂട്ടിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. ഇത്തവണ വേനൽക്കാലത്ത് അധികമഴ ലഭിച്ചതിനാലാണ് പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാനായതെന്നും വാട്ടർ അതോറിട്ടി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |