യുദ്ധ ഭീതിയിൽ വിപണികളിൽ വിൽപ്പന സമ്മർദ്ദം
കൊച്ചി: ഇറാനും ഇസ്രയേലുമായുള്ള സംഘർഷം ശക്തമായതോടെ ഓഹരി നിക്ഷേപകർക്ക് ആശങ്കയേറുന്നു. പശ്ചിമേഷ്യയിലെ യുദ്ധ ഭീഷണി രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 75 ഡോളറിനടുത്ത് തുടരുന്നതാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞ് പോകാൻ സാധാരണക്കാരോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതോടെ സംഘർഷം ശക്തമാകുമെന്ന വിലയിരുത്തലാണ് നിക്ഷേപകർക്കുള്ളത്.
ഇതോടൊപ്പം വ്യാപാര യുദ്ധം വീണ്ടും ശക്തമാകുമെന്ന പ്രവചനങ്ങളും തിരിച്ചടിയാണ്. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 212.85 പോയിന്റ് ഇടിഞ്ഞ് 81,583.30ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 93.10 പോയിന്റ് നഷ്‌ടവുമായി 24,853.40ൽ എത്തി. ചെറുകിട, ഇടത്തരം മേഖലയിലെ ഓഹരികളും കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. പ്രതിരോധ, ഐ.ടി മേഖലകളൊഴികെയുള്ള ഓഹരികൾ മൂക്കുകുത്തി.
ഇന്ധന വിലയിലെ കുതിപ്പ് രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയുടെ ലാഭക്ഷമത ഇടിക്കുമെന്ന ആശങ്കയേറുകയാണ്. പൊതുമേഖല എണ്ണക്കമ്പനികൾക്കൊപ്പം സിമന്റ്, പെയിന്റ്, വാഹന, കൺസ്യൂമർ ഗുഡ്‌സ് എന്നിവയുടെ ഉത്പാദനത്തെ ക്രൂഡ് വില വർദ്ധന പ്രതികൂലമായി ബാധിക്കും. ഇതോടൊപ്പം ഇന്ത്യയുടെ വ്യാപാര കമ്മി ഗണ്യമായി കൂടാനും ഇടയുണ്ട്.
ഫാർമ കമ്പനികൾക്ക് തീരുവ ഭീഷണി
അമേരിക്കയിലേക്ക് ഇറക്കുമതി നടത്തുന്ന മരുന്നുകൾക്ക് അധിക തീരുവ ഉടൻ പ്രാബല്യത്തിലാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെ ഇന്ത്യയിൽ ഫാർമ കമ്പനികളുടെ ഓഹരി വില മൂക്കുകുത്തി. ഗ്രാനൂൾ ഇന്ത്യ, ലുപിൻ എന്നിവയുടെ വില നാല് ശതമാനം കുറഞ്ഞു. ലോറസ് ലാബ്‌സ്, അരബിന്ദോ ഫാർമ എന്നിവയുടെ വിലയിൽ മൂന്ന് ശതമാനം ഇടിവുണ്ടായി.
പ്രധാന വെല്ലുവിളികൾ
1. പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷം എണ്ണ വില കുത്തനെ ഉയർത്തിയതോടെ കമ്പനികളുടെ ലാഭക്ഷമത കുറയുന്നു
2. ഇറക്കുമതി ചെലവ് കൂടുമെന്നതിനാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു, വ്യാപാര കമ്മി കൂടിയേക്കും
രൂപയ്ക്ക് അടിതെറ്റുന്നു
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടെയിലെ താഴ്ന്ന തലത്തിലെത്തി. ഇന്നലെ ഡോളറിനെതിരെ രൂപ 86.28ൽ അവസാനിച്ചു.
കഴിഞ്ഞ വർഷത്തെ അമേരിക്കയിലേക്കുള്ള ഫാർമ കയറ്റുമതി
873 കോടി ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |