വാഷിംഗ്‌ടൺ: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉടൻ കീഴടങ്ങണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഖമനേയി എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോൾ അദ്ദേഹത്തെ ഇല്ലാതാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖമനേയി കുടുംബത്തോടൊപ്പം ബങ്കറിലേക്ക് മാറിയിരിക്കുകയാണ്. ഇതിനിടെയാണ് ട്രംപിന്റെ പ്രതികരണം.
ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരവേ, പടിഞ്ഞാറൻ ഇറാനിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. തലസ്ഥാനമായ ടെഹ്‌റാനിലും വൻസ്‌ഫോടനങ്ങളുണ്ടായി. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനം മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല.
ഇറാൻ സേനയുടെ യുദ്ധ കമാൻഡറായി നാലുദിവസം മുൻപ് നിയമിതനായ അലി ഷദ്മാനിയെ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേലും അവകാശപ്പെട്ടു. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ മുൻഗാമിയായ മേജർ ജനറൽ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു. ഇതേ തുടർന്നാണ് 'ഖതം അൽ അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്സ് (ഇറാൻ മിലിട്ടറി എമർജൻസി കമാൻഡ്)' മേധാവിയായി ഷദ്മാനിയെ അയത്തൊള്ള അലി ഖമനേയി നിയമിച്ചത്. ഖമനേയിയുടെ അടുത്ത സൈനിക ഉപദേഷ്ടാവായിരുന്നു ഷദ്മാനി. ഷദ്മാനിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ തങ്ങൾക്കുനേരെ 400ഓളം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇതുവരെ പ്രയോഗിച്ചതായി ഇസ്രയേൽ പറഞ്ഞു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഒഴിപ്പിച്ച 110 ഇന്ത്യൻ വിദ്യാർത്ഥികളെ ബുധനാഴ്‌ച അർമേനിയൻ തലസ്ഥാനമായ യെരേവനിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിക്കും. സ്വന്തമായി വാഹനങ്ങളുള്ള മറ്റ് ഇന്ത്യൻ പൗരൻമാരോട് ടെഹ്റാനിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്. അർമേനിയയിലേക്ക് പോകാൻ എംബസി സൗകര്യമൊരുക്കും.
ടെഹ്റാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന കുറേ വിദ്യാർത്ഥികൾ ബസിൽ ഖോം നഗരത്തിലേക്ക് മാറി. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഇവിടം താരതമ്യേന സുരക്ഷിതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |