ടെൽ അവീവ്: ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരവേ, പടിഞ്ഞാറൻ ഇറാനിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. തലസ്ഥാനമായ ടെഹ്റാനിലും വൻസ്ഫോടനങ്ങളുണ്ടായി.
ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനം മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല.
ഇറാൻ സേനയുടെ യുദ്ധ കമാൻഡറായി നാലുദിവസം മുൻപ് നിയമിതനായ അലി ഷദ്മാനിയെ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ മുൻഗാമിയായ മേജർ ജനറൽ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു. ഇതേ തുടർന്നാണ് 'ഖതം അൽ അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്സ് (ഇറാൻ മിലിട്ടറി എമർജൻസി കമാൻഡ്)' മേധാവിയായി ഷദ്മാനിയെ അയത്തൊള്ള അലി ഖമനേയി നിയമിച്ചത്. ഖമനേയിയുടെ അടുത്ത സൈനിക ഉപദേഷ്ടാവായിരുന്നു ഷദ്മാനി. ഷദ്മാനിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
ഇറാൻ തങ്ങൾക്കുനേരെ 400ഓളം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇതുവരെ പ്രയോഗിച്ചതായി ഇസ്രയേൽ പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് ടെഹ്‌റാനിൽ രണ്ട് ഉഗ്രസ്ഫോടനങ്ങളുണ്ടായി. സ്റ്റേറ്റ് ടെലിവിഷൻ ആസ്ഥാനത്തിനും മറ്റു സർക്കാർ ഓഫീസുകൾക്കും സമീപം കറുത്ത പുക ഉയർന്നു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിലെ കൂറ്റൻ ബസ് ടെർമിനൽ അഗ്നിഗോളമായി.
ആണവ കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം കനത്ത ആഘാതം സൃഷ്ടിച്ചതായി ഐ.എ.ഇ.എ സ്ഥിരീകരിച്ചു.
ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പരിസ്ഥിതിയെയും ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.
ട്രംപിന്റെ ശാസനം
ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉടൻ കീഴടങ്ങണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശാസനം. ടെഹ്റാൻ നിവാസികളോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാനും ട്രംപ് മുന്നറിയിപ്പ് നൽകി.
വെടിനിറുത്തലല്ല,പകരം യഥാർത്ഥ അന്ത്യമായിരിക്കും ഉണ്ടാകുകയെന്നാണ് ട്രംപിന്റെ പ്രസ്താവന. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും സുരക്ഷയ്ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കാനഡയിൽ നടന്ന ജി 7 ഉച്ചകോടി അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
110 വിദ്യാർത്ഥികൾ ഇന്നെത്തും
ന്യൂഡൽഹി: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഒഴിപ്പിച്ച 110 ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ന് അർമേനിയൻ തലസ്ഥാനമായ യെരേവനിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിക്കും. സ്വന്തമായി വാഹനങ്ങളുള്ള മറ്റ് ഇന്ത്യൻ പൗരൻമാരോട് ടെഹ്‌റാനിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്. അർമേനിയയിലേക്ക് പോകാൻ എംബസി സൗകര്യമൊരുക്കും.
ടെഹ്റാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾ ബസിൽ ഖോം നഗരത്തിലേക്ക് മാറി. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഇവിടം താരതമ്യേന സുരക്ഷിതമാണ്. സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകാൻ വിദ്യാർത്ഥികളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഡൽഹി കൺട്രോൾ റൂം
1800118797, +91-11-23012113
situationroom@mea.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |