ക്രമസമാധാനവും സിനിമാ പ്രദർശനവും സർക്കാർ ഉറപ്പാക്കണം
ആൾക്കൂട്ടത്തെ അഴിച്ചുവിടാനാകില്ല
ന്യൂഡൽഹി: മണിരത്നം - കമൽ ഹാസൻ ചിത്രമായ തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കാൻ സുപ്രീംകോടതിയുടെ കർശന നിർദ്ദേശം. തിയേറ്രറുകൾ അഗ്നിക്കിരയാക്കുമെന്ന ഭയത്താൽ പ്രദർശനം ഒഴിവാക്കാൻ കഴിയില്ല. ആൾക്കൂട്ടത്തെയും സംഘങ്ങളെയും അഴിച്ചുവിടാനാകില്ല. നിയമവാഴ്ച നിലനിൽക്കണം. സെൻസർ ബോർഡ് സർട്ടിഫിക്കറ്റുള്ള സിനിമ പ്രദർശിപ്പിക്കേണ്ടത് നിയമവാഴ്ചയ്‌ക്ക് അത്യാവശ്യമാണ്. സർക്കാർ ക്രമസമാധാനം ഉറപ്പാക്കണം. ജനം സിനിമ കാണുമോ, ഇല്ലയോ എന്നത് മറ്റൊരു വിഷയമാണ്. ജനം സിനിമ കാണണമെന്ന് കോടതിക്ക് ഉത്തരവിടാനാകില്ല. എന്നാൽ സിനിമ റിലീസ് ചെയ്യുക തന്നെ വേണമെന്ന് ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
തമിഴിൽ നിന്നാണ് കന്നട ഭാഷ ജനിച്ചതെന്ന കമൽ ഹാസന്റെ പരാമർശത്തിന് പിന്നാലെ കർണാടകയിൽ പ്രതിഷേധമുയർന്നിരുന്നു. ചില സംഘങ്ങൾ തഗ് ലൈഫ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയതോടെ റിലീസ് ചെയ്യാനായില്ല. ഇതോടെ, സിനിമാ പ്രദർശനത്തിന് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരൂ സ്വദേശി എൻ. മഹേഷ് റെഡ്ഡി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സിനിമയുടെ നിർമ്മാതാവ് കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോൾ, ആ ഹർജി കൂടി സുപ്രീംകോടതിയിലേക്ക് വിളിച്ചുവരുത്തുമെന്ന് രണ്ടംഗബെഞ്ച് വ്യക്തമാക്കി. കമൽഹാസനോട് മാപ്പുപറയാൻ ആവശ്യപ്പെട്ട ഹൈക്കോടതി നടപടിയിലും അതൃപ്‌തി രേഖപ്പെടുത്തി. വിഷയം നാളെ വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |