മലപ്പുറം: മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. 10-ാം ക്ലാസ് വിദ്യാർത്ഥിനി പനങ്ങാങ്ങര മൂളിയൻതൊടി വീട്ടിൽ മിർഷ ഫാത്തിമയ്ക്കാണ് (15) പരിക്കേറ്റത്. ഇടതു കാലിന് മൂന്ന് പൊട്ടലുണ്ട്., രണ്ട് ശസ്ത്രക്രിയ നടത്തുകയും കമ്പിയിടുകയും ചെയ്തു. ചുരുങ്ങിയത് ആറ് മാസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് സ്‌കൂൾ വിട്ടപ്പോഴായിരുന്നു അപകടം. സ്കൂളിലെ വോളിബാൾ കോർട്ടിനടുത്ത് വച്ചാണ് അദ്ധ്യാപികയുടെ കാർ, കൂട്ടുകാർക്കൊപ്പം നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇടിച്ചത്. മതിലിടിഞ്ഞ് വീണാണ് അപകടമുണ്ടായതെന്ന് പറയാൻ സ്‌കൂൾ അധികൃതർ നിർദ്ദേശിക്കുകയും കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു.അദ്ധ്യാപകർ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളെ വിളിച്ച് മതിലിടിഞ്ഞ് പരിക്കേറ്റെന്നാണ് പറഞ്ഞത്. മലപ്പുറത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിത്സാർത്ഥം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറോടിച്ചിരുന്ന അദ്ധ്യാപിക ബീഗത്തിന്റെ സഹോദരൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായതിനാലാണ് സംഭവം പുറത്തറിയാതിരിക്കാൻ ആദ്യം അവിടെത്തന്നെ കൊണ്ടുപോയതെന്നാണ് ആക്ഷേപം. പിതാവിന്റെ താല്പര്യ പ്രകാരമാണ് പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടം നടന്ന് അര മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടു പോയതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
മുഴുവൻ ചികിത്സാച്ചെലവും അദ്ധ്യാപിക വഹിക്കണമെന്ന് പിതാവ് മിഖ്ദാൽ അലി ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിയ സഹപാഠികളെ അപകടത്തിന്റെ യഥാർത്ഥ കാരണം പുറത്ത് പറയുമോയെന്ന് ഭയന്ന് തിരികെ അയച്ചുവെന്ന് വിദ്യാർത്ഥികൾ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ എം.എസ്.പി എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ ക്ലാസിൽ കയറാതെ പ്രതിഷേധിച്ചു. വിദ്യാർത്ഥിനിയുടെ ചികിത്സാച്ചെലവ് പൂർണ്ണമായും ഏറ്റെടുക്കുക, ഓൺലൈൻ ക്ലാസടക്കം ലഭ്യമാക്കുക, സ്‌കൂളിനകത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കാതിരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. വിദ്യാർത്ഥിനിയുടെ കുടുംബം നൽകിയ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്തു. അശ്രദ്ധമായാണ് അദ്ധ്യാപിക വാഹനമോടിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്. തിരൂർക്കാട് വാഹന സർവ്വീസ് സ്റ്റേഷൻ നടത്തുകയാണ് മിർഷ ഫാത്തിമയുടെ പിതാവ്. സുമയ്യ മാതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |