ചെന്നൈ: തമിഴ്നാട് പിന്നാക്ക ക്ഷേമവകുപ്പിന്റെയും കായിക വകുപ്പിന്റേയും വിദ്യാർത്ഥി ഹോസ്റ്റലുകളിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മിന്നൽ സന്ദർശനം. തേനി, ശിവഗംഗ ജില്ലകളിലെ ഹോസ്റ്റലുകളിലാണ് ഉദയനിധി എത്തിയത്.
അദ്ദേഹം വിദ്യാർത്ഥികളോട് അവരുടെ ജന്മനാട്, മാതാപിതാക്കൾ, അവർ പഠിക്കുന്ന ക്ലാസ് എന്നിവയെക്കുറിച്ച് ചോദിച്ചറിഞ്ഞു. പഠനത്തോടൊപ്പം കളിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ചും കളിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ പരിശോധിച്ച ഉദയനിധി സ്റ്റാലിൻ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിലെ അരി, പയർ എന്നിവയുൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം എന്നിവ പരിശോധിച്ചു. വിദ്യാർത്ഥികൾ പഠനത്തിനായി വാങ്ങിയ ദിനപത്രങ്ങൾ പരിശോധിക്കുകയും വിദ്യാർത്ഥികളെ പത്രങ്ങൾ വായിക്കാൻ പ്രോത്സാഹിപ്പിക്കാൻ ഹോസ്റ്റൽ സൂക്ഷിപ്പുകാരനോട് നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ, ഹോസ്റ്റലിൽ സി.സി.ടി.വി നിരീക്ഷണം വ്യാപിപ്പിക്കാനും നിർദേശിച്ചു.
ഉച്ചഭക്ഷണ സമയത്താണ് ശിവഗംഗയിലെ ഹോസ്റ്രലിൽ എത്തിയ അടുക്കള ഉൾപ്പെടെ പരിശോധിച്ച ഉദയനിധി വിദ്യാർത്ഥികൾക്കൊപ്പം അവിടത്തെ ഉച്ചഭക്ഷണം കഴിച്ചു.
ശിവഗംഗ ജില്ലയിലെ തിരുപ്പുവനം താലൂക്കിൽ 40.27 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചെക്ക് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും ഉപമുഖ്യമന്ത്രി എത്തി. തേനി, ദിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകൾക്ക് കുടിവെള്ളത്തിന്റെയും ജലസേചനത്തിന്റെയും ഒരു പ്രധാന സ്രോതസ്സാണ് വൈഗൈ നദി. വൈഗൈ നദിയിലൂടെ, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ മൂന്ന് ജില്ലകളിലായി വൈഗൈ നദിയിൽ നിന്ന് ശാഖകളായി ഒഴുകുന്ന 128 കനാലുകളിലൂടെ 374 താലൂക്കുകളിലായി 1,36,109 ഏക്കർ ഭൂമിക്ക് ജലസേചനം ഉറപ്പാക്കാനാണ് ഡാം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |