ടെൽ അവീവ്: ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. വെള്ളിയാഴ്ചയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്‌ടീകരണ നിലയമായ നതാൻസിലെ 15,000ത്തോളം സെൻട്രിഫ്യൂജുകൾക്ക് തകരാറുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് യു.എൻ ആണവോർജ്ജ ഏജൻസിയുടെ വിലയിരുത്തൽ. യുറേനിയം സെൻട്രിഫ്യൂജുകൾ സൂക്ഷിച്ചിരിക്കുന്ന ഭൂഗർഭ അറകൾക്ക് ഇസ്രയേൽ ആക്രമണത്തിൽ നേരിട്ട് തകരാറുകൾ സംഭവിച്ചില്ലെങ്കിലും നിലയത്തിലെ വൈദ്യുതിബന്ധം ഇസ്രയേൽ തകർത്തത് സെൻട്രിഫ്യൂജുകളെ ബാധിച്ചിട്ടുണ്ടാകാം എന്നാണ് റിപ്പോർട്ട്.
അതിനിടെ, ഇസ്രയേലിന്റെ നാലാമത്തെ എഫ് 35 യുദ്ധ വിമാനവും വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസിലാണ് ഏറ്റവും ഒടുവിലായി എഫ് 35 വിമാനം വെടിവച്ചിട്ടത്. സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് നാലാമത്തെ എഫ് 35 വിമാനമാണ് തകർക്കുന്നതെന്ന് ഇറാൻ സായുധസേന അറിയിച്ചു.
അപലപിച്ച് ചൈന
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി ചൈന. സംഘർഷത്തിൽ കടുത്ത ആശങ്ക അറിയിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് മേഖലയിലെ സ്ഥിതി ഉടൻ ശാന്തമാക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |