നിലമ്പൂർ: രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിൽ നിലമ്പൂരിൽ ആവേശത്തിന്റെ കൊട്ടിക്കലാശം. പരസ്യ പ്രചരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തിനായി മൂന്ന് മുന്നണി പ്രവർത്തകരും ഉച്ചയ്ക്ക് മുമ്പ് തന്നെ നിലമ്പൂരിലെത്തിയിരുന്നു. പ്രധാന മുന്നണി സ്ഥാനാർത്ഥികൾക്കും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും കലാശക്കൊട്ടിന് നിലമ്പൂർ ടൗണിൽ പ്രത്യേകം സ്ഥലം നിർണ്ണയിച്ചിരുന്നു. എല്ലാ മുന്നണികളുടെ നിശ്ചിത സ്ഥലം ബാരിക്കേഡ് വച്ച് പൊലീസ് സുരക്ഷിതമാക്കി. സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവറിന് കലാശക്കൊട്ട് നടത്താൻ ചന്തക്കുന്ന് ബസ് സ്റ്റാൻഡ് പൊലീസ് അനുവദിച്ചിരുന്നെങ്കിലും അൻവർ കലാശക്കൊട്ട് ഒഴിവാക്കി. കലാശക്കൊട്ട് കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് എത്തിയത്. റോഡിന്റെ ഇരുവശങ്ങളിലും കടകൾക്ക് മുമ്പിലും കാഴ്ചക്കാർ നിരന്നു. മിൽമ ബൂത്ത് ജംഗ്ഷൻ മുതൽ പൊലീസ് സ്‌റ്റേഷൻ വരെയുള്ള എല്ലാ കെട്ടിടങ്ങൾക്ക് മുകളിലും കലാശക്കൊട്ട് കാണാൻ ജനങ്ങൾ തമ്പടിച്ചു. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിൽ വലിയ സുരക്ഷാ ക്രമീകരണമാണ് പൊലീസ് ഒരുക്കിയത്. ഓരോ വിഭാഗങ്ങൾക്കും അനുവദിച്ച സ്ഥലം ബാരിക്കേഡ് വച്ച് പൊലീസ് വേർതിരിച്ചു. ടൗണിൽ ഹോസ്പിറ്റൽ റോഡ് ജംഗ്ഷൻ ഡിസൈൻസിന്റെ മുൻവശം വരെ ഒരു പാർട്ടികൾക്കും പ്രവേശനാനുമതി നൽകിയതുമില്ല
എൽ.ഡി.എഫ്
മഹാറാണി ജംഗ്ഷൻ മുതൽ ഫെഡറൽ ബാങ്കിന്റെ മുൻവശം വരെ എൽ.ഡി.എഫിനാണ് അനുവദിച്ചിരുന്നത്. ഉച്ചയോടെ ഇവിടെ എൽ.ഡി.എഫ് പ്രവർത്തകർ തമ്പടിച്ചു. ചെങ്കൊടിയും സ്ഥാനാർത്ഥി എം.സ്വരാജിന്റ ചിത്രങ്ങളുമായി ആടിയും പാടിയും പ്രവർത്തകർ ആഘോഷിച്ചു. മൂന്നരയോടെ സ്ഥാനാർത്ഥി എം.സ്വരാജ് കൂടി എത്തിയതോടെ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. ഡി.ജെയും ചെണ്ടമേളവും അരങ്ങു തകർത്തു. അഞ്ചരയോടെ ചെറിയ മഴ പെയ്‌തെങ്കിലും ആവേശം കുറഞ്ഞില്ല.
യു.ഡി.എഫ്
അർബൻ ബാങ്കിനു മുൻവശം മുതൽ ഗവ. യു.പി സ്‌കൂളിന്റെ മുൻവശം വരെയാണ് യു.ഡി.എഫ് പ്രവർത്തകർ ഒത്തുകൂടിയത്. നിരവധി പ്രവർത്തകരെയാണ് യു.ഡി.എഫ് കലാശക്കൊട്ടിന് എത്തിച്ചത്. ഉച്ചയോടെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരെത്തി മുദ്രാവാക്യ വിളികളുമായി നിലയുറപ്പിച്ചു. രമ്യാ ഹരിദാസ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രവർത്തകരെ ആവേശ കൊടുമുടിയിലെത്തിച്ചു. കലാശക്കൊട്ടിന് മുന്നോടിയായി ഉച്ചയ്ക്ക് ഒന്നിന് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ റോഡ് ഷോ വഴിക്കടവിൽ നിന്ന് ആരംഭിച്ചിരുന്നു. പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടർന്ന് വൈകിട്ട് അഞ്ചോടെയാണ് റോഡ് ഷോയ്ക്ക് നിലമ്പൂരിലെത്താനായത്. നിലമ്പൂർ പുതിയ ബസ് സ്റ്റാൻഡ് മിനി ബൈപ്പാസ് ലിങ്ക് റോഡ് വഴി സ്ഥാനാർത്ഥിയും പ്രവർത്തകരും വാഹനങ്ങളും എത്തിയതോടെ നിർദ്ദിഷ്ട സ്ഥലം പ്രവർത്തകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. ആര്യാടൻ ഷൗക്കത്തും നേതാക്കളും എത്തിയതോടെ യു.ഡി.എഫ് പ്രവർത്തകർ ആർത്തിരമ്പി .ചാറ്റൽ മഴയിലും ചോരാത്ത ആവേശം നിശ്ചിത സമയത്ത് കലാശക്കൊട്ട് പോലീസ് അവസാനിപ്പിച്ചതോടെയാണ് നിറുത്തിയത്.
ബി.ജെ.പി
ഡിസൈൻസ് ടെക്‌സ്റ്റൈൽസിന് മുൻവശം മുതൽ മഹാറാണി ജംഗ്ഷൻ വരെ ബി.ജെ.പിക്കാണ് സ്ഥലം അനുവദിച്ചത്. ബി.ജെ.പി പ്രവർത്തകർ നേരത്തെ തന്നെ പാർട്ടി പതാകയും സ്ഥാനാർത്ഥിയുടെ ചിത്രവുമായി നിലയുറപ്പിച്ചു. ഡിജെയും ചെണ്ട മേളവും പ്രവർത്തകരെ ആവേശത്തിലാക്കി. സ്ഥാനാർത്ഥി മോഹൻ ജോർജും പ്രധാന നേതാക്കളും കൂടി എത്തിയതോടെ പ്രവർത്തകർ ഹർഷാരവത്തോടെ സ്വീകരിച്ചു. കലാശക്കൊട്ടിന് വലിയ ആൾക്കൂട്ടത്തെ ആകർഷിക്കാനായതിന്റെ സന്തോഷത്തിലാണ് ബി.ജെ.പിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |