ബംഗളൂരു: മലയാളികൾ ഏറ്റവും കൂടുതൽ തൊഴിലിനും പഠനത്തിനുമായി തിരഞ്ഞെടുക്കുന്ന നഗരമാണ് ബംഗളൂരു. വൻ ഐടി ഹബ്ബുകളും നിരവധി തൊഴിൽ അവസരങ്ങളും ഉള്ളതിനാൽ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിരവധി പേരാണ് ബംഗളൂരുവിലേക്ക് ചേക്കേറുന്നത്. അടുത്തിടെ ബെെക്ക് ടാക്സി സർവീസുകൾ കർണാടക ഹെെക്കോടതി നിർത്തലാക്കിയിരുന്നു. ഇത് മലയാളികൾക്കടക്കം വൻ തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ ഇതിനെ തുടർന്ന് ഓട്ടോ നിരക്കും വർദ്ദിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വെെകിട്ട് മുതൽ 10 രൂപ മുതൽ 70 രൂപ വരെ നിരക്ക് വർദ്ധിപ്പിച്ചെന്നാണ് നഗരവാസികൾ പറയുന്നത്. ഉബറിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്ന് കമ്മ്യൂണിക്കേഷൻ പ്രൊഫഷണലായ സോയിബം ജയാനന്ദ സിംഗ് പറയുന്നു.
'ഞാൻ കോറമംഗലയിൽ നിന്ന് ലാങ്ഫോർഡ് റോഡിലേക്കാണ് യാത്ര ചെയ്തത്. സാധാരണയായി തിരക്കേറിയ സമയങ്ങളിൽ നിരക്ക് 140-150 വരെയാണ്. എന്നാൽ അത് ചൊവ്വാഴ്ച 200 രൂപയിൽ കൂടുതലായി ഉയർത്തി. തിരക്കേറിയ സമയങ്ങളിൽ ഉബറിന്റെ നിരക്കുകൾ വളരെ കൂടുതലാണ്'- അദ്ദേഹം പറഞ്ഞു. ആപ്പിലൂടെ ബുക്ക് ചെയ്യുന്ന എല്ലാ സർവീസുകൾക്കും 20 രൂപ മുതൽ 30 രൂപ വരെ വർദ്ധനവ് ഉണ്ടായതായി ഒരു സ്ഥിര യാത്രക്കാരൻ പറഞ്ഞു. എന്നിട്ടും 60 രൂപ ടിപ്പ് ചേർത്തപ്പോഴാണ് ഒരു ഓട്ടോ കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
'സാധാരണ നിരക്ക് 120 രൂപയാണ് ചൊവ്വാഴ്ച 'നമ്മ യാത്രി' 145 രൂപ യാണ് കാണിച്ചത്. ഇത് റാപ്പിഡോയും ഓലയും ഏകദേശം 160 രൂപ ഈടാക്കി',- യാത്രക്കാരി സ്നേഹ ബി പറഞ്ഞു. അക്ഷയ നഗറിൽ നിന്ന് എംജി റോഡിലേക്കുള്ള 11 കിലോമീറ്റർ യാത്രയ്ക്ക് 230 രൂപ വാങ്ങിയെന്നും സാധാരണ 160 മുതൽ 170 വരെ നിരക്കാണ് നൽകുന്നതെന്നും മറ്റൊരു യാത്രക്കാരൻ അവകാശപ്പെടുന്നു. ബെെക്ക് ടാക്സി ഹെെക്കോടതി വിലക്ക് വന്നതോടെ കൂടുതൽ പേർ ഓട്ടോ യാത്രക്കായി തിരഞ്ഞെടുത്തു. ഇതാണ് നിരക്ക് വർദ്ധിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |