മെഹന്തി ആർട്ടിസ്റ്റിനെ വിളിച്ച് പ്രാങ്ക് കോൾ ചെയ്ത സംഭവത്തിൽ ആർ ജെ അഞ്ജലി നേരത്തെ മാപ്പ് ചോദിച്ചിരുന്നു. സ്വകാര്യ ഭാഗത്ത് മെഹന്തിയിടാൻ റേറ്റ് എത്രയാണെന്ന് ചോദിച്ചതായിരുന്നു വിവാദമായത്.
മെഹന്തി ആർട്ടിസ്റ്റിനെ ഫോണിൽ വിളിച്ച് കൈകളില്‍ മെഹന്തിയിടുന്നതിനുള്ള റേറ്റും കാലില്‍ വര്‍ക്ക് ചെയ്യുന്നതിന് എത്രയാണ് എന്നുമായിരുന്നു ആദ്യം ചോദിച്ചത്. ഇതിന് മറുതലയ്ക്കലുള്ള കൃത്യമായി മറുപടി നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സ്വകാര്യ ഭാഗത്ത് മെഹന്തി ചെയ്യുന്നതിന് എത്രയാണ് നിരക്ക് എന്ന ചോദ്യം വന്നത്. പിന്നാലെ മെഹന്തി ആർട്ടിസ്റ്റ് കോൾ കട്ട് ചെയ്യുകയായിരുന്നു. ഇത് പോസ്റ്റ് ചെയ്‌തതോടെ വിമർശനവും സൈബർ ആക്രമണവുമുണ്ടായി. പിന്നാലെ അഞ്ജലി മാപ്പ് പറയുകയായിരുന്നു.
തന്റെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നുവെന്നും ഇനി ഇതുപോലെ ഒന്ന് ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അവര്‍ ഖേദപ്രകടനം നടത്തിയത്.
മാപ്പ് പറഞ്ഞിട്ടും അഞ്ജലിക്കും കൂടെയുണ്ടായിരുന്ന പെൺകുട്ടിയ്ക്കുമെതിരെ നിരവധി പേർ കമന്റ് ചെയ്തിരുന്നു. ചില കമന്റുകൾക്ക് അവർ മറുപടി നൽകുകയും ചെയ്തു. 'പോകാം എയറിലേക്ക്' എന്നൊരാൾ കമന്റ് ചെയ്തിരുന്നു. ഇതിന് അഞ്ജലി നൽകിയ മറുപടി വൈറലാകുകയും ചെയ്തു.
'മക്കളെ കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഓൺ എയറിലാണ് ചേച്ചി. ഇപ്പോഴും ഇന്നും എനിക്ക് മടുക്കും വരെയും'- എന്നായിരുന്നു അഞ്ജലിയുടെ മറുപടി. 'വർഷങ്ങൾ കൊണ്ടുണ്ടാക്കിയ സൽപ്പേര് കുറച്ചുമിനിട്ടുകൾ കൊണ്ട് നശിപ്പിച്ചെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഫോളോവേഴ്സിന്റെ നമ്പരല്ല മനുഷ്യരുടെ ക്വാളിറ്റി നിശ്ചയിക്കുന്നതെന്നായിരുന്നു ആ കമന്റിനോടുള്ള അഞ്ജലിയുടെ പ്രതികരണം. അതേസമയം, തന്നെക്കുറിച്ച് മോശം കമന്റിട്ടയാളുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അഞ്ജലി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |