ട്രാക്ക് മറികടന്നുള്ള യാത്ര സുരക്ഷാ പ്രശ്നമെന്ന് റെയിൽവെ
ഒറ്റപ്പാലം: റെയിൽവെ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ലഗേജുമായി എളുപ്പത്തിൽ പ്ലാറ്റ്‌ഫോമിൽ എത്തുന്നതിനായി ഷൊർണൂർ, പാലക്കാട്
സ്‌റ്റേഷനുകളിൽ ആരംഭിച്ച ബാറ്ററി ഓപ്പറേറ്റഡ് കാർ സർവ്വീസ് നിലച്ചു. സ്റ്റേഷനുകളിലെ ട്രാക്ക് മറികടന്നുള്ള യാത്ര സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്ന് പറഞ്ഞ് റെയിൽവേ അനുമതി നൽകാത്തതാണ് സർവ്വീസ് മുടങ്ങാൻ കാരണമെന്നറിയുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ മാസമാണ് രണ്ട് ബാറ്ററി ഓപ്പറേറ്റഡ് കാർ എത്തിച്ചത്. ആദ്യഘട്ടത്തിൽ കാർ വിജയം കണ്ടതോടെ ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിലേക്കും രണ്ട് എണ്ണം എത്തിച്ചു. എന്നാൽ ട്രാക്ക് മറികടന്ന് കാർ സഞ്ചരിക്കുന്നത് വേണ്ടത്ര സുരക്ഷയില്ലാതെയാണ് എന്ന് കാണിച്ച് റെയിൽവേ അനുമതി നിഷേധിച്ചിരിക്കുകയാണ്. ഓരോ പ്ലാറ്റ്‌ഫോമിന്റെയും അവസാന ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ക്രോസിംഗ് വേയിലൂടെയാണ് കാർ ട്രാക്ക് മറികടന്ന് മറ്റ് പ്ലാറ്റ്‌ഫോമിലെത്തുന്നത്.
യാത്ര പ്ലാറ്റ്‌ഫോമിലൂടെ മാത്രം
ഒരു യാത്രക്കാരന് 20 രൂപയും ലഗേജുകൾക്ക് 10 രൂപയുമാണ് കാറിൽ ഈടാക്കുന്നത്. ആവശ്യപ്പെടുന്ന പ്ലാറ്റ്‌ഫോമിലെ ട്രെയിൻ കമ്പാർട്ട്‌മെന്റിൽ എത്തിക്കുമെന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു. എന്നാൽ പ്ലാറ്റ്‌ഫോമുകളിൽ കാറിന് യാത്ര ചെയ്യാമെന്നും അതിന് തടസങ്ങളില്ലെന്നും റെയിൽവേ വിശദീകരിക്കുന്നു. പ്ലാറ്റ്‌ഫോമിൽ മാത്രമായി കാർ ഓടിക്കുന്നത് സാമ്പത്തിക നഷ്ടമാണന്നാണ് കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനി പറയുന്നത്. ടെൻഡർ പ്രകാരം സ്വകാര്യ ഏജൻസിയാണ് മൂന്ന് വർഷത്തിന് ബാറ്ററി ഓപ്പറേറ്റഡ് കാർ ഓടിക്കാൻ ഷൊർണൂരിലും പാലക്കാടും കരാറെടുത്തിരിക്കുന്നത്. കാർ സർവ്വീസ് നിലച്ചത് യാത്രക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |