പത്തനംതിട്ട : ശബരിഗിരി ജല വൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളുടെ അടിത്തട്ടിൽ ചെളിയും മണലും അടിഞ്ഞുകൂടിയതിനാൽ ഉത്പാദന ശേഷി ഇരുപത് ശതമാനം കുറഞ്ഞതായി വൈദ്യുതി ബോർഡിന്റെ റിപ്പോർട്ട്. കക്കി, പമ്പ എന്നിവയാണ് ശബരിഗിരി അണക്കെട്ടുകൾ. അൻപത് വർഷം പഴക്കമുള്ള ഡാമുകളുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണലും നീക്കിയിട്ടില്ല. സംഭരണ ശേഷി കുറഞ്ഞതിനാൽ ഇടവപ്പാതി കാലത്ത് അണക്കെട്ടുകൾ വേഗം നിറയുന്നതിനാൽ ഡാമുകളുടെ ഷട്ടറുകൾ ഇടയ്ക്കിടെ തുറക്കേണ്ടിവരുന്നു. ഡാമുകൾക്ക് സംഭരണ ശേഷി കുറവായതിനാലും നിർദ്ദേശിച്ചതിൽ കൂടുതൽ ജലം സംഭരിച്ച് നിറുത്തുന്നതിനാലും കനത്ത മഴക്കാലത്ത് അണകെട്ടുകൾ വേഗം നിറയുന്നത് പതിവാണ്. രണ്ടാഴ്ച്ച മുമ്പ് കനത്തമഴയിൽ കക്കി, പമ്പ ഡാമുകളിലേക്ക് വലിയ ജലപ്രവാഹമെത്തി. കക്കിയിൽ 60 ശതമാനത്തിലധികം ജലമുണ്ട്. പമ്പയിൽ 40 ശതമാനം കടന്നു. പമ്പാഡാമിൽ നിന്ന് 3.21 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിച്ചാണ് കക്കി ഡാമുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഈ ഡാമുകളിലെ ജലം തുരങ്കത്തിലൂടെ അരണമുടിക്ക് സമീപമുള്ള വാൽവ് ഹൗസിൽ എത്തിച്ച് അവിടെ നിന്നുമാണ് പെൻ സ്റ്റോക്ക് പൈപ്പുവഴി മൂഴിയാറിലുള്ള ശബരിഗിരി പവ്വർ ഹൗസിൽ എത്തിച്ച് വൈദ്യുതി ഉത്പാദനം നടത്തുന്നത്.
ചെളിയും മണ്ണും നീക്കണം
കാലാകാലങ്ങളിൽ ജലസംഭരണികളിൽ അടിയുന്ന ചെളിയും മണലും ഡാമിന്റെ അടിഞ്ഞട്ടിലുള്ള സ്ളൂയിഡ് വാൽവ് തുറന്നു ഒഴുക്കി കളഞ്ഞ് സംഭരണ ശേഷി നിലനിറുത്തേണ്ട ചുമതല ഡാം സേഫ്റ്റി അതോറിറ്റിക്കുണ്ട്. ഈ പ്രക്രിയ യഥാസമയം നടക്കാറില്ല. അതിനാൽ അണക്കെട്ടുകളുടെ സംഭരണശേഷി കുറയുകയാണ്. കാലങ്ങളായി സ്ളൂയിസ് വാൽവ് തുറക്കാത്തതിനാൽ ഇനി തുറക്കാൻ കഴിയുമോ എന്ന് സംശയം ബാക്കിയാണ്.
ഡാമുകളുടെ ശേഷി
കക്കി : ഉയരം 981.45മീറ്റർ. നിലവിലെ ജലനിരപ്പ് 964.62 മീ.
പമ്പ : ഉയരം 986.33മീ. നിലവിലെ ജലനിരപ്പ് 973.95മീ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |