അറ്റാദായത്തിൽ കുതിപ്പ്, കിട്ടാക്കടം കുറഞ്ഞു
കൊച്ചി: സാമ്പത്തിക മേഖലയിലെ ഉണർവിന്റെയും പലിശ, പലിശ ഇതര വരുമാനത്തിലെ വർദ്ധനയുടെയും കരുത്തിൽ കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകൾ മികച്ച മുന്നേറ്റം തുടരുന്നു. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ ലാഭത്തിലും വിറ്റുവരവിലും കിട്ടാക്കടങ്ങൾ കുറയ്ക്കുന്നതിലും മികച്ച പ്രകടനമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കാഴ്ചവച്ചത്. നാല് ബാങ്കുകളുടെയും മൊത്തം അറ്റാദായം ഈ കാലയളവിൽ 5,909.33 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ നാല് കേരള ബാങ്കുകളും അറ്റാദായത്തിൽ മികച്ച വളർച്ചയാണ് നേടിയത്. അലുവ ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ അറ്റാദായം അവലോകന കാലയളവിൽ 13.7 ശതമാനം ഉയർന്ന് 1,030.2 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് 775.5 ശതമാനം വളർച്ചയുമായി 23.98 കോടി അറ്റാദായം നേടി റെക്കാഡ് കൈവരിച്ചു. തൃശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 19 ശതമാനം ഉയർന്ന് 342 കോടി രൂപയിലെത്തി. സി.എസ്.ബി ബാങ്കിന്റെ അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ 26 ശതമാനം ഉയർന്ന് 190 കോടി രൂപയിലെത്തി.
കിട്ടാക്കടങ്ങൾ കുറയുന്നു
കേരളത്തിലെ നാല് സ്വകാര്യ ബാങ്കുകൾക്കും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ കിട്ടാക്കടങ്ങൾ ഗണ്യമായി കുറയ്ക്കാനായി. ഫെഡറൽ ബാങ്കിന്റെ മൊത്തം കിട്ടാക്കടം മാർച്ച് 31ന് അവസാനിച്ച കാലയളവിൽ 4,375.5 കോടി രൂപയായി താഴ്ന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം കിട്ടാക്കടം ഇക്കാലയളവിൽ 3.27 ശതമാനമായും അറ്റ അറ്റാദായം 0.92 ശതമാനവുമായാണ് കുറഞ്ഞത്. സി.എസ്.ബി ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 1.57 ശതമാനമാണ്. ധനലക്ഷ്‌മി ബാങ്കിന്റെ കിട്ടാക്കടം 364.11 കോടി രൂപയിലേക്ക് കുറഞ്ഞു.
കേരള ബാങ്കുകളുടെ മൊത്തം നിക്ഷേപം
4.41 ലക്ഷം കോടി രൂപ
മൊത്തം വായ്പ
3.67 ലക്ഷം കോടി രൂപ
ജനുവരി-മാർച്ച് കാലയളവിലെ പ്രകടനം
ബാങ്ക് അറ്റാദായം
ഫെഡറൽ ബാങ്ക് 1,030.2 കോടി രൂപ
സൗത്ത് ഇന്ത്യൻ ബാങ്ക് 342 കോടി രൂപ
സി.എസ്.ബി ബാങ്ക് 190 കോടി രൂപ
ധനലക്ഷ്‌മി ബാങ്ക് 23.98 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |